SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.35 AM IST

ചക്കരക്കുടത്തിൽ കൈയിടുന്നവർ - 1 കടും വെട്ടിന്റെ കറുത്തപാഠങ്ങൾ

a

എക്സൈസ് വകുപ്പിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെക്കുറിച്ച് പരമ്പര ആരംഭിക്കുന്നു

ചക്കരക്കുടത്തിൽ കൈയിട്ടാൽ ആരായാലും ഒന്നു നക്കിപ്പോവും. എവിടെ നോക്കിയാലും ചക്കരക്കുടങ്ങൾ. അറിയാതെ ആ വഴിക്കൊന്നു കൈ പോയാൽ പഴിക്കാനാവുമോ. എക്സൈസ് വകുപ്പിന്റെ ധർമ്മസങ്കടവും ഇതുതന്നെ. മദ്യവും മറ്റു ലഹരി വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനാൽ നിയമപരിപാലനത്തിനും ലംഘനത്തിനും വേണ്ടുവോളം അവസരമുണ്ട്.

ജീവൻപണയപ്പെടുത്തി ഭീഷണി നേരിട്ട് പണിയെടുക്കുന്ന കുറേപ്പേർ ഒരു വശത്ത്. മദ്യമുതലാളിമാർക്കും ലഹരി മാഫിയയ്ക്കും കുടപിടിക്കുന്ന മറ്റൊരു കൂട്ടർ മറുവശത്ത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്‌മരണപോലെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്.

തരക്കേടില്ലാത്ത ശമ്പളവും സമൂഹത്തിൽ അംഗീകാരവുമുണ്ടായിട്ടും എക്സൈസ് ഉദ്യോഗസ്ഥരെ കിമ്പളത്തിലേക്ക് ആകർഷിക്കുന്ന ഘടകമെന്താണ്. താക്കീതും ലഘു ശിക്ഷണനടപടികളും വാങ്ങിക്കൂട്ടിയിട്ടും പിന്നെയും കോഴക്കുടുക്കിലേക്ക് ഇവർ പെടണമെങ്കിൽ എന്താവും പ്രേരക ശക്തി. ഏറ്റവുമൊടുവിൽ കോട്ടയത്താണ് എക്സൈസിന്റെ മുഖം വികൃതമാക്കുന്ന സംഭവങ്ങളുണ്ടായത്. ഒരു ഡെപ്യൂട്ടി കമ്മിഷണറും ആറ് പ്രിവന്റീവ് ഓഫീസർമാരുമാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെൻഷനിലായത്. ഒരു ജില്ലയിലെ എക്സൈസ് വകുപ്പിന്റെ പരമാധികാരിയാണ് ഡെപ്യൂട്ടി കമ്മിഷണർ. ശമ്പളം ഒന്നര ലക്ഷത്തോളം വരും. പ്രിവന്റീവ് ഓഫീസർമാർക്ക് 60,000 നും 75,000 നുമിടയിൽ കൈയിൽ കിട്ടും.

എന്തെല്ലാം കാട്ടിക്കൂട്ടിയാലും സംരക്ഷിക്കാൻ ആളുണ്ടാവുമെന്ന ആത്മബലമാണ് ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നത്. ഇത്തരം കുടുക്കുകളിൽപെട്ടിട്ടും നിസാരമായി ഊരിക്കൊടുത്ത മുൻകാല അനുഭവങ്ങളാണ് പാഠം. ഇതെല്ലാമാണ് എക്സൈസിലെ ചക്കരക്കുടത്തിൽ കൈയിടുന്ന ആപ്പീസർമാരുടെ വീര്യം.

സംസ്ഥാനത്ത് പഴക്കമുള്ള സർക്കാർ വകുപ്പുകളിൽ ഒന്നാണ് എക്സൈസ്. സംസ്ഥാന വരുമാനത്തിൽ മുഖ്യപങ്കു വഹിക്കുന്ന വകുപ്പുകളിലൊന്ന്. ബാറുകളുടെയും ക്ളബുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് ഫീ ഇനത്തിൽ കോടികളാണ് കിട്ടുന്നത്. കള്ള് ഷാപ്പുകളുടെ ലൈസൻസിലൂടെയും കോടികൾ ഖജനാവിലെത്തും. സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ മൊത്തക്കച്ചവടവും ബിവറേജസ് കോർപ്പറേഷൻ വഴിയാണ്. ഇതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 18,000 കോടിയിലേറെ രൂപയാണ്. ഇതിന്റെയെല്ലാം മേൽനോട്ടക്കാരാണ് എക്സൈസ് ഉദ്യോഗസ്ഥർ.

 തുടക്കം റവന്യു വകുപ്പിന് കീഴിൽ, പിന്നെ സ്വതന്ത്രൻ

1967ലാണ് സംസ്ഥാനത്തിന് അബ്കാരി നിയമം വരുന്നത്. ഇതിന്റെ നടത്തിപ്പിനു വേണ്ടിയാണ് റവന്യു വകുപ്പിന് കീഴിൽ എക്സൈസ് വകുപ്പ് രൂപീകരിച്ചത്. 1998ൽ എക്സൈസ് സ്വതന്ത്രവകുപ്പായി. മിനിസ്റ്റീരിയൽ സ്റ്റാഫുൾപ്പെടെ 5814 പേർ ഇപ്പോൾ എക്സൈസിലുള്ളത്. സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം, വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ, രാസ ലഹരിയിലേക്കുള്ള ചുവട് മാറ്റം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അംഗസംഖ്യ മതിയോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മൂന്നടി കുറുവടിയുടെ പിൻബലം മാത്രമായിരുന്നു അടുത്തകാലം വരെ എക്സൈസിന്റെ ആയുധം. റിവോൾവർ വാങ്ങാൻ സർക്കാർ തീരുമാനമെടുത്തിട്ട് നടപ്പാവാൻ ഒരു പതിറ്റാണ്ട്. വാങ്ങിയ റിവോൾവറുകൾ വലിയൊരു കാലം പെട്ടിയിലിരുന്നു. കള്ളവാറ്റ് പിടിക്കാനും അനധികൃത മദ്യക്കടത്തും സ്പിരിറ്റു കടത്തും തടയാനും ഇറങ്ങുന്ന എക്സൈസിന് ആകെയുണ്ടായിരുന്നത് ചങ്കൂറ്റം മാത്രം.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA