
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനും മറ്റുള്ളവർക്കും എതിരെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. 2025 ൽ ശബരിമലയിൽ നിന്നു ദ്വാരപാലക ശിൽപ്പങ്ങൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതിൽ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നതാണ് പ്രധാനം.
2019 ൽ സ്വർണം പൂശാനായി കൊണ്ടുപോയവയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം കവർച്ച ചെയ്തിരുന്നുവെന്ന് പി.എസ്.പ്രശാന്തിനും ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു. അതു മറച്ചുവയ്ക്കാനാണ് ചട്ടങ്ങൾ ലംഘിച്ച് 2025ൽ വീണ്ടും സ്വർണം പൂശാനായി സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്.
ട്രാവൻകൂർ കൊച്ചിൻ ദേവസ്വം മാന്വൽ അനുസരിച്ച് ക്ഷേത്രത്തിന് ചുറ്റുവട്ടത്ത് മാത്രമേ തിരുവാഭരണങ്ങളും മറ്റ് ആഭരണങ്ങളും അറ്റകുറ്റപ്പണി നടത്താൻ പാടുള്ളൂ. 2025ൽ ഇതു ലംഘിച്ചാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടപോയത്. എല്ലാ അറ്റകുറ്റപ്പണികളും ഹൈക്കോടതി നിയോഗിക്കുന്ന ശബരിമല സ്‌പെഷൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കണമെന്ന് 2023 ജൂൺ 30ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതു ലംഘിച്ചു.
2023 മുതൽ ഗൂഢാലോചന തുടങ്ങിയിരുന്നു. 2024 സെപ്തംബർ 20നാണ് ദ്വാരപാലക ശിൽപ്പപാളികളിൽ സ്വർണം പൂശണമെന്ന ഫയൽ ദേവസ്വം ബോർഡിന് മുന്നിൽ എത്തുന്നത്. 30ന് ഉണ്ണികൃഷ്ണൻ പോറ്റി ഇത് ചെയ്യാൻ അനുമതി തേടി അപേക്ഷ നൽകി. ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരിബാബുവാണ് ഫയൽ അയ്ക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം തന്നെ പാളികൾ കൊടുത്തുവിടണമെന്നായിരുന്നു മുരാരി ബാബുവിന്റെ ശുപാർശ. കവർച്ച പുറത്ത് അറിയാതിരിക്കാൻ വേണ്ടിയാണിതെന്ന് അറിഞ്ഞുകൊണ്ട് പി.എസ്.പ്രശാന്തും ബോർഡ് അംഗം അജികുമാറും തിരുവാഭരണം കമ്മിഷണർ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |