SignIn
Kerala Kaumudi Online
Thursday, 11 June 2026 3.33 AM IST

റാഗിംഗ് നിയമ ഭേദഗതി വേഗത്തിലാക്കാൻ നിർദ്ദേശം

1
1

കൊച്ചി: റാഗിംഗ് നിരോധന നിയമ ഭേദഗതി വൈകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഭേദഗതി പാസാക്കാൻ സ്വീകരിച്ച നടപടികളുടെ പുരോഗതി സർക്കാർ മൂന്നാഴ്ചയ്‌ക്കകം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് നിയമ ഭേദഗതി കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഭരണം മാറിയ സാഹചര്യത്തിൽ വിശദാംശം അറിയിക്കാൻ സർക്കാർ അഭിഭാഷക ഇന്നലെ സമയം തേടുകയായിരുന്നു. ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും.

റാഗിംഗ് തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയാണ് കോടതിയിലുളളത്.

പുതിയ ഫൊറൻസിക് ലാബ്:

നിലപാടറിയിക്കണം

തിരുവനന്തപുരത്ത് സെൻട്രൽ ഫൊറൻസിക് ലാബ് (സി.എഫ്.എൽ) സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. തുടർനടപടികൾ സംസ്ഥാന സർക്കാരാണ് സ്വീകരിക്കേണ്ടതെന്നും വിശദീകരിച്ചു. സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

വിചാരണക്കോടതികളിൽ മയക്കുമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഫൊറൻസിക് ലാബുകളിലെ ഒഴിവുകൾ നികത്തണമെന്ന് കെൽസയുടെ ഹർജിയിൽ കോടതി നിർദ്ദേശം നൽകിയിരുന്നു.

18 സയന്റിഫിക് അസിസ്റ്റന്റുമാരെ നിയമിക്കാൻ അഡ്വൈസ് മെമ്മോ അയച്ചതായി പി.എസ്.സി കോടതിയെ അറിയിച്ചു. ഇവരുടെ നിയമനം വേഗത്തിലാക്കണമെന്നും ശേഷിക്കുന്ന ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. ഹർജി വീണ്ടും 24ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA