SignIn
Kerala Kaumudi Online
Friday, 15 May 2026 10.46 PM IST

സംസ്ഥാനത്തെ ധനസ്ഥിതി: പുതിയ സർക്കാർ ധവള പത്രം ഇറക്കിയേക്കും

s

തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം തയ്യാറാക്കാൻ യു.ഡി.എഫ് നീക്കം. പത്തു വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ ധനസ്ഥിതി ദയനീയമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ആലോചന.

2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി വിജയൻ സർക്കാർ തൊട്ടുമുമ്പത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സാമ്പത്തിക ധൂർത്ത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി സർക്കാർ ഭരണകാലത്തെ ധൂർത്തും വായ്പാ ബാദ്ധ്യത കൂട്ടിയതും കൊടുത്തു തീർക്കാനുള്ള ബാദ്ധ്യതയും പുതിയ ധവളപത്രത്തിൽ ഉൾപ്പെടുത്തും.

102 സീറ്റുമായി അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാരിനു തുടക്കത്തിൽ തന്നെ വൻ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനുള്ള പണം കണ്ടെത്തുക പ്രയാസമാകും. അഞ്ചിന ഇന്ദിരാ ഗ്യാരന്റി തന്നെ ചെലവേറിയ പദ്ധതിയാണ്. കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രതിദിനം മൂന്ന് കോടി രൂപയുടെ ബാദ്ധ്യതയുണ്ടാക്കും. ബിരുദ വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ പ്രതിമാസ സഹായം, സൗജന്യ നിരക്കിൽ ഭക്ഷണശാലകൾ, ക്ഷേമനിധി വിഹിതം വർദ്ധിപ്പിക്കൽ, ഇതിനെല്ലാം പുറമെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ആശാ വർക്കർമാരുടെ വേതന വർദ്ധനയിലും തീരുമാനമെടുക്കേണ്ടി വരും.

അധിക കേന്ദ്രസഹായത്തിന് സാദ്ധ്യതയില്ല

കേന്ദ്രത്തിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭിക്കാനിടയില്ല, കിട്ടേണ്ട വിഹിതം പോലും വാങ്ങിയെടുക്കാൻ വലിയ സമ്മർദ്ദം വേണ്ടി വരും. പുതിയ സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ 23,000 കോടിയോളം രൂപയുടെ വായ്പാനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 6,500 കോടി രൂപ കുറവാണിത്. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുൻ ചെലവുകളുടെ വിശദീകരണങ്ങൾ ആവശ്യപ്പെട്ടുള്ള കത്തും സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന് 37,000 കോടിയോളം രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് കിട്ടിയിരുന്നു. ഇത്തവണ ധനകാര്യ കമ്മിഷൻ അത്തരം ശുപാർശകളൊന്നും സമർപ്പിച്ചിട്ടുമില്ല.

ഈ വർഷത്തെ വായ്പാനുമതിയിൽ 4,700 കോടിയോളം രൂപയുടെ വായ്പ കാവൽ സർക്കാർ ഇതിനകം എടുക്കുകയും ചെയ്തു. ഡിസംബർ വരെ സംസ്ഥാനത്തിനു എടുക്കാവുന്ന കടം ഇതോടെ 18,300 കോടി രൂപയായി കുറഞ്ഞു. ഖജനാവിൽ നീക്കിയിരിപ്പൊന്നും കാര്യമായി ഇല്ലെന്നാണറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA