കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ അനധികൃതമായി പരിശോധിച്ചതിൽ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്.
താൻ ഹൈക്കോടതി ജുഡിഷ്യൽ രജിസ്ട്രാറിന്റെ ചുമതല വഹിച്ചിരുന്നപ്പോൾ മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഹർജി അടുത്ത ദിവസം മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡ് പരിശോധിച്ചെന്ന ആരോപണം നേരിടുന്നവർക്കെതിരെ അച്ചടക്ക, ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഹർജി ആദ്യം പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയ്‌ക്കായി ഹർജി മാറ്റിയ കോടതി പിന്നീട് പരിഗണിച്ചപ്പോഴാണ് പിന്മാറുന്നതായി അറിയിച്ചത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് വിദഗ്ദ്ധരുൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് അതിജീവിത ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |