
കൊല്ലം: കൊട്ടാരക്കരയിൽ വ്യാജരേഖകളുമായി താമസിച്ചുവന്ന പത്ത് ബംഗ്ളാദേശികൾ അറസ്റ്റിൽ. അഞ്ചു പുരുഷൻമാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമടങ്ങുന്നതാണ് സംഘം. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. മിലിട്ടറി ഇന്റലിജൻസ്, എ.ടി.എസ്, കേരള പൊലീസ് സംയുക്തമായാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ആക്രിക്കടയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചതും താമസിച്ചതും. ബംഗ്ളാദേശുകാരിയായ മംമ്താസ് പന്ത്രണ്ട് വർഷമായി കേരളത്തിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇവരുടെ നേതൃത്വത്തിലാണ് ബാക്കി ഒൻപതു പേരെയും കൊട്ടാരക്കരയിലെത്തിച്ചത്. വർഷങ്ങളായി ഇവരും കേരളത്തിൽ വിവിധ ഇടങ്ങളിൽ താമസിച്ചുവരികയായിരുന്നു. ചവറയിൽ താമസിച്ചിരുന്നവർ ഒരുമാസം മുമ്പാണ് കൊട്ടാരക്കരയിലേക്ക് താമസം മാറ്റിയത്.
എല്ലാവർക്കും ആധാർ ഉൾപ്പടെയുള്ള രേഖകൾ ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം വ്യാജമാണ്. പേരും വിലാസവുമടക്കം യഥാർത്ഥ വിവരങ്ങൾ ലഭ്യമായിട്ടില്ല. റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചോദ്യംചെയ്യൽ തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കോടതിയുടെ നിർദ്ദേശപ്രകാരമാകും തുടർ നീക്കങ്ങൾ.
മിലിട്ടറി ഇന്റലിജൻസ്, എ.ടി.എസ് സംഘം രാവിലെ 7ഓടെയാണ് കൊട്ടാരക്കരയിലെത്തിയത്. ആക്രിക്കടയും താമസ സംവിധാനങ്ങളും നിരീക്ഷിച്ച ശേഷമാണ് നേരിട്ട് ബംഗ്ളാദേശികളുടെ മുന്നിലെത്തിയത്. ചോദ്യം ചെയ്തപ്പോൾ മറുപടികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടത്. വ്യാജ രേഖകൾ നിർമ്മിക്കാൻ സഹായിച്ചവരെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |