പത്തനംതിട്ട: ശബരിമല മണ്ഡല,മകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രമുണ്ടാകില്ല. നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് തുടരും.ഓൺലൈൻ ബുക്കിംഗ് ലഭിക്കാത്തവർ ഈ കേന്ദ്രങ്ങളിലെത്തണം.
പമ്പയിലെ തിരക്ക് ഒഴിവാക്കാൻ ഹൈക്കോടതി നിർദേശ പ്രകാരമാണിത്.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് 29ന് രാവിലെ 10ന് ആരംഭിക്കും.
നിലയ്ക്കൽ, പമ്പ പാത വഴി 60000 ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിംഗ് ദിവസേന 3000 ആണ്. ഇതുകൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും.
വെർച്വൽ ക്യൂ ബുക്കിംഗ് സൗജന്യമാണ്. ഭക്തർക്ക് അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും, ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിർബന്ധമല്ല. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |