SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

ശബരിമല: സദ്യ മുടങ്ങിയെന്ന ആരോപണം അന്വേഷിക്കണം- മന്ത്രി, വ്യാജമെന്ന് ബോർഡ്

sabarimala

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന ആരോപണം അടിയന്തരമായി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം.

മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറഞ്ഞോയെന്ന് പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് നടപടിക്രമങ്ങൾ ഉണ്ടാക്കണം.

അതേസമയം, തിരുവോണസദ്യ മുടങ്ങിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. എല്ലാ വർഷവും നടക്കുന്നതുപോലെ ഇത്തവണയും ദേവസ്വം മെസിൽ തിരുവോണസദ്യ നടന്നു. മൂവായിരത്തോളം ഭക്തർ സദ്യയിൽ പങ്കെടുത്തെന്നും ബോർഡ് വ്യക്തമാക്കുന്നു.

ഉത്രാടദിവസം മേൽശാന്തി, തിരുവോണ ദിവസം ദേവസ്വം ജീവനക്കാർ, അവിട്ടത്തിന് പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് സദ്യ നടത്തിയിരുന്നത്. സദ്യ നടത്തുന്നവർ രാവിലെയും വൈകിട്ടുമുള്ള ആഹാരം കൂടി ഏർപ്പെടുത്തണമെന്ന് ബോർഡ് നിബന്ധന വച്ചു. എന്നാൽ മാത്രമേ മെസിലെ ആ ദിവസങ്ങളിലെ ബിൽ കരാറുകാരന് കുറച്ചു നൽകാനാകൂ. ഇതോടെ മേൽശാന്തിയും പൊലീസും സദ്യയിൽ നിന്ന് ഒഴിഞ്ഞു. ദേവസ്വം ജീവനക്കാരുടെ സദ്യ ബോർഡ് ഏറ്റെടുത്തു. ശബരിമലയിൽ എത്തുന്ന വ്യവസായികളിൽ നിന്നടക്കം പണം പിരിച്ചാണ് ജീവനക്കാർ സദ്യ നടത്തിയിരുന്നത്. പിരിവ് വേണ്ടെന്ന് നിർദ്ദേശിച്ചാണ് സദ്യ ബോർഡ് ഏറ്റെടുത്തത്. തിരുവോണത്തിന് മെസിൽ സദ്യയും അന്നദാനമണ്ഡപത്തിൽ പുലാവുമാണ് നൽകിയത്. പിരിവ് വിലക്കിയതിലെ വിദ്വേഷമാണ് സദ്യ മുടങ്ങിയെന്ന ആരോപണത്തിന് പിന്നിലെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA