SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

വൺ, ടു, ത്രീ, ഫോർ.... പുന്നമട തൂക്കി സാബുവിന്റെ ചുണ്ടൻ

sabu

 നെഹ്രുട്രോഫി ഫൈനലിലെ എല്ലാ ചുണ്ടനും സാബുവിന്റെ പണിപ്പുരയിലേത്


ആലപ്പുഴ: കായൽപ്പരപ്പിൽ നടുഭാഗവും മേൽപ്പാടവും വീയപുരവും അരോമയും ഇഞ്ചോടിഞ്ച് പോരാടി. തുഴയെറിയുന്നതിന്റെ താളവും വേഗവും കണ്ണടച്ച് തുറക്കും മുമ്പ് അരോമയെ മുന്നിലെത്തിച്ചു. മൈക്രോ സെക്കൻഡ് വ്യത്യാസം. കായലും കരയും നിറയെ ആർപ്പുവിളികൾ,​ ആവേശത്തള്ളിച്ച. പക്ഷേ കരയിൽ എടത്വ കോഴിമുക്ക് തെക്കേപ്പറമ്പിൽ സാബുനാരായണൻ ആചാരിക്ക് തെല്ലുമില്ല ആവേശത്തള്ളിച്ച. ഇരുത്തം വന്ന ഒരു ചിരി മാത്രം. പക്ഷേ നിറയെ അഭിമാനം. ഫൈനലിൽ എത്തിയ നാല് വള്ളങ്ങളും ആചാരിയുടെ പണിപ്പുരയിൽ നിന്ന് ഇറങ്ങിപ്പോയതാണ്. ഇത് നെഹ്രുട്രോഫി ജലമേളയുടെ ചരിത്രത്തിൽ ആദ്യം. സാബു നാരായണൻ ആചാരി പണിതിറക്കിയ ചുണ്ടനുകൾ മുമ്പും വെള്ളിക്കപ്പിൽ മുത്തമിട്ടിട്ടുണ്ട്. കൂട്ടത്തിലെ ഇളമുറക്കാരനാണ് (രണ്ട് മാസം)​ ഇപ്രാവശ്യത്തെ വിജയി അരോമ. ചെറുവള്ളങ്ങളും അക്കൂട്ടത്തിലുണ്ട്.

 പാരമ്പര്യത്തിന്റെ ശിൽപ്പ വഴി

ചുണ്ടൻ വള്ളങ്ങളുടെ രാജശിൽപ്പി എന്നറിയപ്പെടുന്ന കോഴിമുക്ക് നാരായണൻ ആചാരിയുടെ മകനാണ്. സഹോദരങ്ങളായ ഉമാമഹേശ്വരൻ ആചാരിയും സോമൻ ആചാരിയും രംഗത്ത് സജീവമാണ്. ഇവരുടെ കൈകളിൽ പിറന്ന വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. 13 ചുണ്ടൻവള്ളങ്ങളും മൂന്ന് പള്ളിയോടങ്ങളും നിർമ്മിച്ച കോഴിമുക്ക് നാരായണൻ ആചാരി 72ാം വയസിൽ വിട പറഞ്ഞു. സംസ്ഥാന സർക്കാർ ഏൽപ്പിച്ച അംബേദ്കർ ചുണ്ടന്റെ നിർമ്മാണം പാതിവഴിയിലാക്കിയായിരുന്നു വിടവാങ്ങൽ. ആ വള്ളത്തിന്റെ നിർമ്മാണം ഏറ്റെടുത്താണ് മൂത്ത മകൻ ഉമാ മഹേശ്വരന്റെ നേതൃത്വത്തിൽ നാല് സഹോദരങ്ങളും രംഗത്തിറങ്ങുന്നത്.

 ചെലവ് 80 ലക്ഷം വരെ

2010 മുതൽ സാബു സ്വന്തമായി വള്ളംപണി ആരംഭിച്ചു. 2012ൽ പണിത ആയാപറമ്പ് പാണ്ടിയാണ് ആദ്യ ചുണ്ടൻ. സെന്റ് പയസ്, തലവടി, ചെറുതന, മേൽപ്പാടം, വീയുപുരം, നടുഭാഗം, അരോമ എന്നിങ്ങനെ നീളും ആ പട്ടിക. ആറ് മുതൽ എട്ട് മാസം വരെയെടുത്ത് നാൽപ്പത് മുതൽ എൺപത് ലക്ഷം വരെ ചെലവഴിച്ചാണ് ചുണ്ടന്റെ നിർമ്മാണം. ഇരുപത് തൊഴിലാളികളടങ്ങിയ സംഘമാണ് മാലിപ്പുരകളിൽ വള്ളമൊരുക്കുന്നത്. ശ്രീദേവിയാണ് ഭാര്യ. മക്കൾ: രാഹുൽ (യൂറോപ്പ്), ഗോകുൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUNNAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA