
ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ രാത്രി സഞ്ജു സാംസൺ പായിച്ച സിക്സർ ചെന്നുവീണത് ഇന്ത്യൻ ടീം സെലക്ടർമാരുടെ നെഞ്ചത്താണ്. കത്തുന്ന ഫോമിലായിട്ടും, 2024 ൽ ട്വന്റി-20യിൽ മൂന്ന് സെഞ്ച്വറി നേടി റെക്കാഡിട്ടിട്ടും ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള മറുപടി. ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി-20യിൽ നാലു ഫോറും ഒരു സിക്സറും ഉൾപ്പെടെ നേടിയ 26 റൺസിൽ 22ഉം പേസർ ഗസ് അറ്റ്കിൻസന്റെ ആദ്യ ഓവറിലായിരുന്നു. ഈ ഫോമിൽ സഞ്ജു തുടരുകയാണെങ്കിൽ അധികനാൾ സെലക്ടർമാർക്ക് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല.
ഫസ്റ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് കോച്ച് ഗൗതം ഗംഭീർ സെലക്ഷൻ കമ്മിറ്റിയിൽ വാദിച്ചതാണ്. എന്നാൽ, ക്യാപ്ടൻ രോഹിത്തും ചീഫ് സെലക്ടർ അഗാർക്കറും ഋഷഭ് പന്തിനെ നിശ്ചയിച്ചു. സഞ്ജുവിനെ തഴഞ്ഞതിനെ സുനിൽ ഗാവസ്കർ ഉൾപ്പെടെ വിമർശിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് സഞ്ജുവിന് അവസാനമായി ഏകദിനത്തിൽ അവസരം നൽകിയത്. അന്ന് സെഞ്ച്വറി (108) നേടി മാൻ ഒഫ് ദ മാച്ചായി.
ചാമ്പ്യൻസ് ട്രോഫി ടീമിൽ റിസർവുകളെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ 15 അംഗടീമിൽ ആർക്കെങ്കിലും പരിക്കേറ്റാൽ പകരം സഞ്ജുവിനെ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഫെബ്രുവരി 13 വരെ ടീമിൽ മാറ്റത്തിന് സമയമുണ്ട്.
അതേസമയം, സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് കാരണമെന്ന് വാദമുയർന്നിരുന്നു.
താൻ പരിശീലനക്യാമ്പിലെത്തില്ലെന്ന് ഇ മെയിലിലൂടെ അറിയിച്ചതിനെത്തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി. പിന്നീട് സഞ്ജു കളിക്കാമെന്ന് അറിയിച്ചെങ്കിലും പരിഗണിച്ചില്ല.
സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് കാരണമെന്ന് വാദമുയർന്നിരുന്നു. താൻ പരിശീലനക്യാമ്പിലെത്തില്ലെന്ന് ഇ മെയിലിലൂടെ അറിയിച്ചതിനെത്തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി. പിന്നീട് സഞ്ജു കളിക്കാമെന്ന് അറിയിച്ചെങ്കിലും പരിഗണിച്ചില്ല.
ഈ പ്രകടനം കാണുന്നില്ലേ
2024ൽ ഇന്ത്യയ്ക്കായി കളിച്ച 13 ട്വന്റി-20 മത്സരങ്ങളിൽ 180.16 സ്ട്രൈക്ക് റേറ്റിൽ സഞ്ജു നേടിയത് 436 റൺസ്. 3 സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കൊല്ലം ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ (31) നേടിയ താരമാണ് സഞ്ജു. നിലവിൽ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ 17-ാം സ്ഥാനത്താണ് സഞ്ജു.
സഞ്ജുവിന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരനെ സംരക്ഷിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തയ്യാറാകണമായിരുന്നു
- ശ്രീശാന്ത്, മുൻ ഇന്ത്യൻ ക്രിക്കറ്റർ
സഞ്ജുവിനെതിരെ നടപടി സ്വീകരിക്കുകയോ, ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല. ക്യാമ്പിൽ പങ്കെടുത്തിരുന്നോയെന്ന് ബി.സി.സി.ഐ അന്വേഷിച്ചിരുന്നു
- വിനോദ്കുമാർ,കെ.സി.എ സെക്രട്ടറി
പ്രതികരിക്കാതെ കായികമന്ത്രി
സഞ്ജു സാംസണിനെ സെലക്ഷൻ കമ്മറ്റി തഴഞ്ഞ വിഷയത്തിൽ സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹിമാൻ പ്രതികരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |