SignIn
Kerala Kaumudi Online
Thursday, 11 June 2026 3.33 AM IST

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല

shigella

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം എട്ടായി. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 21പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. അഞ്ച്,ഏഴ്,എട്ട്,ഒമ്പത്,11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധയുള്ളത്. ഇതിൽ മൂന്നുകുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും ഒരു മുതിർന്നയാളും ചികിത്സയിലാണ്. 476പേർക്കാണ് രോഗലക്ഷണം കണ്ടത്. നിലവിൽ 34പേരാണ് രോഗലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമുള്ളത്. ഇതിൽ മൂന്നുപേർ മുതിർന്നവരും മറ്റുള്ളവർ കുട്ടികളുമാണ്. നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. പഞ്ചായത്തിൽ ബുധനാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് താത്കാലിക ചന്തകൾ,റാലികൾ എന്നിവ പരമാവധി ഒഴിവാക്കണം. വിവാഹം,മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും മാസ്‌ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം. രോഗലക്ഷണമുള്ളവരുടെ സമ്പർക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തിൽ തയ്യാറാക്കും. ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്തയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദർശിച്ച് രോഗവ്യാപനം തടയാനുമുള്ള നിർദ്ദേശങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും കർശനമായി പാലിക്കണമെന്നും വ്യക്തി,ഭക്ഷണ,പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. രേഖ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ നെന്മേനി,നൂൽപ്പുഴ പഞ്ചായത്തിലെ മുഴുവൻ കിണറുകളും ജലാശയങ്ങളും ക്ലോറിനേഷൻ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA