SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ഓടാനും നമ്മളൊന്നല്ലേ,​ റിയയ്ക്ക് കാഴ്ച പകർന്ന് ഇരട്ടസഹോദരി റിഫ

sports
റിയ ഷെറിനും റിഫ ഷെറിനും

കോഴിക്കോട്: ഒരേ ഉദരത്തിൽ ഒരേ സമയം കഴിഞ്ഞവർ. ഇതിൽ ഒരാൾ ഭൂമിലേക്ക് പിറന്നത് കാഴ്ചപരിമിതിയുമായി. പക്ഷേ,​ കൂടെപ്പിറന്നവൾക്കുള്ള കാഴ്ചയും കരുതലുമായി റിഫ ഉള്ളപ്പോൾ റിയ എങ്ങനെ ഓട്ടക്കാരിയാകാതിരിക്കും? സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നലെ നടന്ന ഇൻക്ളൂസീവ് അത്‌ലറ്റിക്സിലെ കാഴ്ചപരിമിതരുടെ 100 മീറ്റർ ഓട്ടത്തിലാണ് മലപ്പുറത്തെ ഇരട്ടസഹോദരിമാർ പങ്കെടുത്തത്. റിഫയുടെ കൈയിൽ റിബൺ ബന്ധിച്ചായിരുന്നു റിയയുടെ ഓട്ടം.

മലപ്പുറം ചീക്കോട് കെ.കെ.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരാണ് റിയ ഷെറിനും റിഫ ഷെറിനും.

മലപ്പുറം എടവണ്ണപ്പാറ കരിയാത്തുംകുഴിയിൽ അബ്ദുൾ ജലീലിന്റെയും നൗഫിയയുടെയും മക്കൾ.

അരീക്കോട് ബി.ആർ.സിയുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ നൽകിയ ഒരുമാസത്തെ പരിശീലനമാണ് റിയയെ ട്രാക്കിലെത്തിച്ചത്. എപ്പോഴും റിയയ്ക്കൊപ്പമുള്ള റിഫ ഓടാനും കൈത്താങ്ങായി.മത്സരത്തിൽ മെഡലൊന്നും നേടാനായില്ലെങ്കിലും ഏത് വെല്ലുവിളിയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസം കൂടെപ്പിറപ്പിന് പകർന്നുനൽകാനായെന്ന സന്തോഷമാണ് റിഫയ്ക്ക്.

ജന്മനാ 40 % കാഴ്ചപരിമിതിയുണ്ട് റിയയ്ക്ക്. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് കാഴ്ചാപ്രശ്‌നം തിരിച്ചറിഞ്ഞത്. റിഫ ആളുകളുടെ മുഖത്തേക്ക് നോക്കുന്നതുപോലെയായിരുന്നില്ല റിയ നോക്കിയിരുന്നത്. നടക്കാൻ തുടങ്ങിയപ്പോൾ ചുവടുവയ്ക്കാൻ പ്രയാസമുണ്ടായി. തുടർന്ന് ചികിത്സ ആരംഭിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. എട്ടാം ക്ലാസുകാരി ഫാത്തിമ റിൻഷയും മൂന്നുവയസുകാരി റിസ ഖദീജയും മറ്റ് സഹോദരങ്ങൾ.

കായിക മേള തുടങ്ങി,

അത്‌ലറ്റിക്സ് ഇന്നുമുതൽ

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരങ്ങൾക്ക് കോഴിക്കോട്ട് തുടക്കമായി. ആദ്യ ദിനം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള മത്സരങ്ങളാണ് നടന്നത്. അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് എൻ.ഐ.ടി ക്യാമ്പസിൽ തുടക്കമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA