SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.44 AM IST

സുകുമാരക്കുറുപ്പ് ആണോ?​ 'ആ' എന്ന് മറുമൊഴി

READ ENGLISH VERSION
sukumara-kurup

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കൊൽക്കത്തയിൽ കണ്ടെന്ന് അവകാശപ്പെട്ട് പൊലീസിന് കത്തയച്ച ഹരിപ്പാട്ടെ നഴ്സ് രത്നമ്മയുടെ (59) മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിരമിച്ച ശേഷം രത്നമ്മ നാട്ടിലെത്തിയിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ച് കണ്ടപ്പോൾ സുകുമാരക്കുറുപ്പ് ആണോ എന്നു ചോദിച്ചു. 'ആ" എന്നു മാത്രമാണ് മറുപടി നൽകിയതെന്നാണ് രത്നമ്മയുടെ മൊഴി. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോൾ ആള്‍ രക്ഷപ്പെട്ടിരുന്നുവെന്നും രത്നമ്മ പറഞ്ഞു. നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ചാക്കോ വധക്കേസിൽ പിടികിട്ടാപ്പുള്ളിയാണ് കുറുപ്പ്. ഇതടക്കം അന്വേഷണം വഴിമുട്ടിയ കേസുകൾ ക്രൈംബ്രാഞ്ച് പുനഃപരിശോധിച്ചിട്ടുണ്ട്.

42 വർഷം മുൻപാണ് സുകുമാരക്കുറുപ്പ് ഇൻഷ്വറൻസ്‌ തുക തട്ടിയെടുക്കാൻ എൻ.ജെ.ചാക്കോയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചത്. രാജ്യമാകെ അന്വേഷിച്ചിട്ടും കുറുപ്പിനെ കണ്ടെത്താനായില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്കിപ്പോൾ 82 വയസായിട്ടുണ്ടാകും. തന്റെ പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്‌ തുക തട്ടുന്നതിനായാണ് 1984 ജനുവരിയിൽ എൻ.ജെ.ചാക്കോയെ കൊലപ്പെടുത്തി കത്തിച്ചത്. കറുത്ത അംബാസഡർ കാറിൽ കണ്ട കത്തിക്കരിഞ്ഞ മൃതദേഹം കുറുപ്പിന്റേതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മരിച്ചതു ചാക്കോ എന്ന ഫിലിം റപ്രസന്ററ്റീവ് ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് അപ്രത്യക്ഷനായിരുന്നു. ഉത്തരേന്ത്യയിലടക്കം കുറുപ്പിനെ കണ്ടെന്ന് നിരവധി പേര്‍ പൊലീസിനു വിവരം നല്‍കിയിരുന്നു. ഇന്റർപോൾ ലോകമാകെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തെളിയിക്കപ്പെടാത്ത അന്വേഷണങ്ങൾ തീർക്കാൻ ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യം ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നഴ്സിന്റെ മൊഴിയെടുത്തതെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARA KURUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA