SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.13 AM IST

വയനാട്ടിലെ കൃഷിയിടത്തില്‍ കണ്ടത് കടുവയുടെ കാല്‍പ്പാട് തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്

tiger
കൃഷിയിടത്തില്‍ കണ്ടെത്തിയ കടുവയുടെ കാല്‍പ്പാട്

സുല്‍ത്താന്‍ ബത്തേരി : ചീരാല്‍ - നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. ഈ മാസം ആദ്യ ആഴ്ചയിലാണ് ചീരാല്‍ പുളിഞ്ചാല്‍ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ കണ്ണന്‍ങ്കോട് രാമകൃഷ്ണന്‍, ദാസന്‍, വാമനന്‍, വിജയന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ടത്. മേപ്പാടിയില്‍ നിന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന സ്ഥിരീകരിച്ചു. കടുവയ്ക്കായി പ്രദേശത്ത് തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചീരാല്‍ കല്ലിങ്കരയില്‍ ചെറുമല അബ്ദുള്‍ അസീസിന്റെ രണ്ടര വയസുള്ള പശുവിനെയാണ് കഴിഞ്ഞ മാസം പിടികൂടി കൊന്നത്. സമീപ പ്രദേശമായ മുത്താച്ചിക്കുനിയില്‍ ഒരു പോത്തും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുത്താച്ചിക്കുനിയിലും ,പുളിഞ്ചാലിലും കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും കൂട്ടിലകപ്പട്ടില്ല. അതിനിടെ മേഖലയിലെ കണ്ണങ്കോട്, ചെറുമാട്, പഴൂര്‍, മുണ്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം സ്ഥിരികരിക്കുകയുണ്ടായി. നമ്പ്യാര്‍കുന്ന് അതിര്‍ത്തി പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യവും കണ്ടത്തുകയുണ്ടായി. നമ്പ്യാര്‍കുന്ന് ഭാഗത്ത് നിന്ന് രണ്ട് പുലികളെയും പഴൂരില്‍ നിന്ന് ഒരു കടുവയേയും മുമ്പ് പിടികൂടുകയും ചെയ്തിരുന്നു.


വന്യമൃഗ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പരിക്ക്

നഗരസഭ പയ്യംമ്പള്ളി ഡിവിഷനില്‍ മലയില്‍ പീടിക മൂലമറ്റത്തില്‍ ജോര്‍ജിന്റെ രണ്ടര മാസം പ്രായമുള്ള എച്ച്.എഫ് ഇനത്തില്‍പ്പെട്ട പശുക്കിടാവിനെയും കൊളവയലില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ പത്ത് മാസം പ്രായമുള്ള മൂരികിടാവിനെയുമാണ് വന്യജീവി ആക്രമിച്ച് പരികേല്‍പ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സെബാസ്റ്റ്യന്റ മൂരിക്കിടാവിനെ വന്യമൃഗം ആക്രമിച്ച് തലയില്‍ പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് മൂന്ന് മണിയോടെ സമീപത്തെ ജോര്‍ജിന്റ പശുകിടാവിനെയും ആക്രമിച്ചു. കഴുത്തിനും, കണ്ണിനുമാണ് പശുകിടാവിന് സാരമായി പരിക്കേറ്റത്.

മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനം വകുപ്പ് ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതീയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വനം വകുപ്പിന്റെ വാഹനത്തില്‍ കിടാങ്ങളെ വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ച് ചികിത്സ നല്‍കി. നഗരസഭ ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്ഥലം സന്ദര്‍ശിച്ചു, പ്രദേശത്ത് പെട്രോളിംഗ് ഏര്‍പ്പെടുത്തിയതായി ബേഗുര്‍ റെയ്ഞ്ച് ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER, KERALA, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA