തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പാർട്ടിയുടെ പല ഘടകങ്ങളിൽ ചർച്ച ചെയ്‌ത് കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലുള്ള കാര്യങ്ങളാണ് താൻ പറഞ്ഞത്. ജനങ്ങൾക്കാണ് തോൽവിയുടെ കാരണക്കാർ എന്ന് പറയുന്നത് ശരിയാണോ എന്നും തോമസ് ഐസക് ചോദിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പാർട്ടിയിലുടനീളമുള്ള ചർച്ചകൾക്ക് ശേഷം രണ്ട് രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇത് നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയ പ്രമാദമായ പ്രശ്‌നമാക്കി മാറ്റിയതെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല. ഞാൻ പറഞ്ഞത് മാത്രം വായിച്ചാൽ മതി. പറയാത്തത് വായിച്ചെടുത്ത് വിവാദമുണ്ടാക്കേണ്ട. ഞാൻ പറഞ്ഞത് പൂർണമായും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു മണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ വെറും അഞ്ച് മിനിട്ടാണ് ഇത് പറഞ്ഞത്. ജനങ്ങൾക്കാണ് തോൽവിയുടെ ഉത്തരവാദിത്തം എന്ന് പറയുന്നത് ശരിയാണോ?' - തോമസ് ഐസക് ചോദിച്ചു.
പത്തുവർഷ ഭരണകാലത്ത് അഹങ്കാരം കൂടിയതിനുള്ള ഷോക്ക് ട്രീറ്റ്മെന്റാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ തോൽവി. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി. സഹകരണ ബാങ്കുകളിലെ അഴിമതി പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ഡീലെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ അത്തരം പ്രചാരണത്തെ സഹായിച്ചു. ആരെങ്കിലും പാർട്ടിയിൽ നിന്ന് പോയാൽ സൗകര്യമെന്നാണ് ഇപ്പോൾ കരുതുന്നത്. പിന്നെ അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ. നമ്മൾ സത്യവിശ്വാസികൾ മാത്രം മതിയെന്ന നിലപാടാണ്.
ഇത് മനസിലാക്കി തിരുത്തണം. നമ്മൾ നന്നായെന്ന് ജനങ്ങൾക്ക് തോന്നണം. ഇത് പഴയ കാലമല്ല. ഞാൻ തന്നെ ഇങ്ങനെ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. ആരുടെയെങ്കിലും കൈയിൽ ടേപ്പ് വച്ചിട്ട് ഞാൻ പറയുന്നത് റെക്കാർഡ് ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം. ടേപ്പ് ചെയ്യുന്ന ആരെയും കാണാത്തതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. സഹകരണ ബാങ്കിൽ ആളുകൾ പണമിടുന്നത് പാർട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തു സൂക്ഷിച്ചാണോ പെരുമാറിയിട്ടുള്ളത്? ജനം നമ്മെ എഴുതിത്തള്ളിയിട്ടില്ല. വെറുത്തിട്ടുമില്ല. 2029ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്‌ചയാണെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തള്ളിയ പിണറായി വിജയനെതിരെ സിപിഎമ്മിൽ പടയൊരുക്കം നടക്കുന്നതായി വിവരം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. പിണറായി ലൈനല്ല പാർട്ടി ലൈനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത റിപ്പോർട്ടിനെ പിണറായി വിജയൻ പൂർണമായും നിരാകരിക്കുന്നുവെന്നാണ് വിമർശനം.
പിണറായിയും എംവി ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ വീഴ്‌ചയും ശൈലിയും സ്ഥാനാർത്ഥി നിർണയവും പരാജയത്തിനിടയാക്കിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ട്. എന്നാൽ പയ്യന്നൂരും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണം ഈ റിപ്പോർട്ടിന് എതിരാണ്. തോൽവിക്ക് അണികളെ കുറ്റപ്പെടുത്തുകയാണ് പിണറായി ചെയ്തത്. പ്രവർത്തകർ തെറ്റിദ്ധരിക്കപ്പെട്ടതിനാൽ പരാജയമുണ്ടായെന്ന പരാമർശം, തെറ്റ് ഉൾക്കൊള്ളാൻ തയ്യാറാകാത്തതിന്റെ സൂചനയായിട്ടാണ് ഇവർ കാണുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചൂണ്ടിക്കാണിച്ച പയ്യന്നൂരും തളിപ്പറമ്പിലും മാത്രം എന്തുകൊണ്ട് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി, സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ട് തള്ളി എന്തു കൊണ്ട് സ്വന്തം നിലപാട് അവതരിപ്പിച്ചു എന്നിവയ്ക്ക് മറുപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പാർട്ടി രേഖയ്ക്ക് എതിരായ നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. ഈ മാസം 13 മുതൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ഇക്കാര്യം ചർച്ചയാക്കാനാണ് എതിർ പക്ഷത്തിന്റെ നീക്കം.
പാർട്ടി വിമതർ മത്സരിച്ച് വിജയിച്ച പയ്യന്നൂരും തളിപ്പറമ്പിലും നയ വിശദീകരണ യോഗം ചേരാൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നില്ല. പാർട്ടി നിലപാടിന് വിരുദ്ധമായി ഏകപക്ഷീയ നിലപാടെടുത്തതോടെ, പാർട്ടിയിൽ പിണറായി വിജയനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് സൂചന. ഈ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പാർട്ടി കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അത് വിശദീകരിക്കാൻ തയ്യാറാകാതെ മറ്റൊരു നിലപാട് വിശദീകരിച്ചതിൽ പിണറായിയോട് അടുപ്പമുള്ള പല നേതാക്കൾക്കും അതൃപ്‌തിയുണ്ട്.
CPM Central Committee member Thomas Isaac defended his remarks on the LDF’s election defeat, saying they were based on party reports. Meanwhile, a section of CPM leaders is reportedly preparing to challenge Pinarayi Vijayan over his response to the defeat, with the issue expected to be discussed at the upcoming state committee meeting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |