
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്‌തകങ്ങൾ എല്ലാവർഷവും പുതുക്കുന്ന കാര്യം പരിഗണയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള കരിക്കുലം കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാകേണ്ടതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം,ഇംഗ്ലീഷ്,തമിഴ്,കന്നഡ മീഡിയം പുസ്‌തകങ്ങളാണ് കരിക്കുലം കമ്മിറ്റി അംഗീകരിച്ചത്. അംഗീകാരം ലഭിച്ച പാഠപുസ്‌തകങ്ങളുടെ പ്രിന്റിംഗ് ഉടൻ ആരംഭിക്കും. പത്താം ക്ലാസിലെ 77 ടൈറ്റിൽ പുസ്‌തകങ്ങൾക്ക് കഴിഞ്ഞമാസം ചേർന്ന കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഏപ്രിലോടെ പത്താംക്ലാസിലെ പരിഷ്‌കരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. എല്ലാ പാഠപുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി മേയ് മാസത്തോടെ കുട്ടികൾക്ക് നൽകും.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ.ജയപ്രകാശ്,കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |