SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.37 PM IST

ഇസ്ലാം വിരുദ്ധ പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം, പദവിക്ക് യോജിക്കാത്തതെന്ന് വിമർശനം

vd-satheesan-
മുഖ്യമന്ത്രി വി ‌ഡി സതീശൻ, കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ

മലപ്പുറം: കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രി വി ‌ഡി സതീശന്റെ പരാമർശത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നുമാണ് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്തിന്റെ ആവശ്യം. സംഘടനയുടെ മലപ്പുറം ജില്ലാ കമ്മി​റ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സതീശൻ നടത്തിയത് പദവിക്ക് യോജിക്കാത്ത പരാമർശമാണെന്നും പ്രസ്താവനയിലുണ്ട്.

ഏറെ വായനാപ്രിയനായിട്ടുള്ള മുഖ്യമന്ത്രി വിഡി സതീശൻ വിശുദ്ധ ഖുർ ആനെയും പ്രവാചകനെയും ഇസ്ലാമിനെക്കുറിച്ചും കൂടുതൽ പഠിക്കാൻ ഇനിയെങ്കിലും തയ്യാറാവണം. ഇസ്ലാമിക ചരിത്രത്തെയും സംഭവത്തെയും തെറ്റായി മനസിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്കുപോലും യോജിച്ചതല്ല എന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ന് മന്ത്രിസഭായോഗത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ പരസ്യമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല കാന്തപുരം നടത്തിയത്. ആ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രസ്താവങ്ങൾ ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

നേരത്തേ കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് പി കെ ശ്രീമതി, പി ജയരാജൻ ഉൾപ്പെടെയുളള സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെ സിപിഎം നേതാക്കൾ തന്നെയായ ടി കെ ഹംസയും കെ ടി ജലീലും കാന്തപുരത്തെ ന്യായീകരിക്കുന്ന നിലപാടുമായി രംഗത്തെത്തിയത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

English Summary

The Kanthapuram faction of Samastha demanded Kerala Chief Minister V.D. Satheesan retract his statement and apologize. Satheesan had criticized Kanthapuram A.P. Aboobacker Musliyar for misinterpreting Islam regarding a controversial anti-women remark. The Kerala Muslim Jama'ath claimed the CM's comments were unbecoming of his position and showed a lack of understanding of Islamic principles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN, KERALA MUSLIM JAMAATH, VD SATHEESAN CONTROVERSY, KERALA POLITICS, VD SATHEESAN AGAINST MUSLIM JAMAATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA