
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് പൊതുജനത്തിൽ നിന്ന് അഭിപ്രായം തേടി മോട്ടോർ വാഹനവകുപ്പ്. നാലു പേജുള്ള ഗൂഗിൾ ഫോം വഴി ഓൺലൈൻ സർവേയിലൂടെയാണ് വിവരശേഖരണം. മോഡിഫിക്കേഷൻ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും നിയമസാധുതകൾ പരിശോധിക്കുന്നതിനുമായാണ് സർവേ നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം മോഡിഫിക്കേഷൻ അനുവദിക്കാനാകില്ലെന്ന് നേരത്തെ എം.വി.ഡി സർക്കാരിനെ അറിയിച്ചിരുന്നു. പരമാവധി മോഡിഫിക്കേഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉത്തരവും ഇറക്കിയിരുന്നു. പൊതുജനാഭിപ്രായം തേടണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സർവേ നടത്തുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ നിയമാനുസൃതമായ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
സർവേയിൽ പങ്കാളികളാകുന്നവർ വാഹന ഉടമ, ഡീലർ, മോഡിഫിക്കേഷൻ സ്ഥാപനയുടമ, വാഹന നിർമ്മാതാവ്, ഓഫ് റോഡ് അസോസിയേഷൻ പ്രതിനിധി ഇതിൽ ആരാണെന്ന് രേഖപ്പെടുത്തണം. പേരും ഫോൺ നമ്പരും ഇതോടൊപ്പം നൽകണം. ഉപയോഗിക്കുന്ന വാഹനം, എന്താവശ്യത്തിന് ഉപയോഗിക്കുന്നു എന്നിവയാണ് അടുത്തത്. നിർദ്ദേശിക്കുന്ന മോഡിഫിക്കേഷൻ സംബന്ധിച്ച ഓപ്ഷനുകളും ഫോമിലുണ്ട്.
മോഡിഫിക്കേഷൻ ഓപ്ഷനുകൾ
എൻജിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കാനുള്ള ഇലക്ട്രോണിക് മാറ്റങ്ങൾ, ഇൻജക്ടറുകൾ, ഹൈപെർഫോമൻസ് ഫ്യൂവൽ പമ്പുകൾ, അധിക ലൈറ്റുകൾക്കും സൗണ്ട് സിസ്റ്റങ്ങൾക്കുമായി കൂടുതൽ പവർ, അലോയ് വീൽ, സീറ്റിലെ മാറ്റങ്ങൾ, ഓഫ്‌റോഡ് ആവശ്യങ്ങൾക്കായുള്ള വലിയ ടയറുകൾ തുടങ്ങി ഓഫ്‌റോഡ് എൽ.ഇ.ഡി ലൈറ്റ് ബാറുകളും സ്‌പോട്ട് ലൈറ്റുകളും വരെ ഓപ്ഷനായി നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |