SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.30 AM IST

നിർമ്മാണ സാമഗ്രികൾക്ക് നിയന്ത്രണം; കത്തയച്ച് വി.ഡി.സതീശൻ

vijay-and-v-d-satheeshan

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കത്തയച്ചു. മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ അയയ്ക്കാൻ തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധവും സഹകരണവും മുൻനിറുത്തി ഇക്കാര്യത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

ഒമ്പതിന് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിർമ്മാണ സാമഗ്രികളുടെയും അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്ന് കേരളത്തിലേക്കുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് കുറയാനിടയാക്കി. ഇതോടെ സംസ്ഥാനത്തെ ദേശീയപാത നിർമ്മാണവും പ്രതിസന്ധിയിലായി.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത വികസന പദ്ധതികൾ കേരളത്തിന് മാത്രമല്ല, തെക്കേ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വല്ലർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയിലേക്കുള്ള മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ ഈ റോഡുകൾ അനിവാര്യമാണ്. അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ കല്ലുകളും മെറ്റലുകളും ലഭ്യമാകുന്നതിന് വലിയ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുകൊണ്ട് തന്നെ തമിഴ്നാടിന്റെ സ്വാഭാവിക വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്‌മെന്റിനെ ബാധിക്കാത്ത വിധത്തിൽ, ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി പ്രത്യേക ഇളവുകൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY AND V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA