
തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് നൽകുന്ന സാങ്കേതിക സഹായം ദീർഘിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ടി.സി.എസും ധാരണാപത്രം കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി കമ്മിഷണർ സി. വി.പ്രകാശ്, ടി.സി.എസിനു വേണ്ടി ജനറൽ മാനേജർ എസ്. കെ. നായർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയ ടി.സി.എസ് സംഘം, വെർച്വൽ ക്യൂ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതും ഭക്തർക്ക് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുമായി ചർച്ച ചെയ്തു. ഭീമശേഖർ,സന്തോഷ് പോക്കു, ദിലീപ് രാമകൃഷ്ണൻ എന്നിവരും ടി.സി.എസ് സംഘത്തിൽ ഉണ്ടായിരുന്നു.
കയർ, ഖാദി തൊഴിലാളികൾക്ക്
24.83 കോടി രൂപ കൂടി
തിരുവനന്തപുരം: ഖാദി തൊഴിലാളികൾക്കായി 24.83 കോടി രൂപ കൂടി അനുവദിച്ച് തൊഴിൽ വകുപ്പ്. പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവർക്കായി ആവിഷ്കരിച്ച സാമ്പത്തിക സഹായ പദ്ധതിയായ ഇൻകം സപ്പോർട്ട് സ്കീം പ്രകാരമാണിത്.
കയർ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന് 17.50 കോടിയും കയർ വികസന ഡയറക്ടറേറ്റിന് 7.33 കോടിയുമാണ് അനുവദിച്ചത്. 90 കോടി രൂപയാണ് സ്കീമിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കയർ തൊഴിലാളികൾക്ക് ഇതിനകം 60.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഖാദി ബോർഡിന് 157.8 കോടി രൂപയും. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുന്നതിന് സർക്കാർ പ്രധാന പരിഗണന നൽകുന്നെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ഐ.എ.എസുകാർക്ക്
കുടിശിക തീർത്ത്
ക്ഷാമബത്ത
തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.എ.എസ്,ഐ.പി.എസ്,ഐ.എഫ്.എസ്.ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ആയി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്.അന്നുമുതലുള്ള കുടിശിക പണമായി നൽകും.
ഉത്തരവ് ഇന്നലെ ധന പേ റിവിഷൻ വിഭാഗം പുറത്തിറക്കി. നേരത്തെ ജഡ്ജിമാരുടെ ക്ഷാമബത്ത കുടിശികയും അനുവദിച്ചിരുന്നു.
അതേസമയം, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആറ് ഗഡു ക്ഷാമബത്ത കുടിശികയുണ്ട്.സർക്കാർ ജീവനക്കാർക്ക് 2021ലെ രണ്ടുഗഡു ക്ഷാമബത്ത അനുവദിച്ചത് കഴിഞ്ഞ വർഷമാണ്.അതിന്റെ കുടിശിക നൽകിയതുമില്ല.
സ്കൂളുകളിൽ റോബോട്ടിക്
കിറ്റ്: പ്രഖ്യാപനം 8ന്
തിരുവനന്തപുരം: സ്കൂൾകുട്ടികൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ചുവരുന്ന റോബോട്ടിക് കിറ്റുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാനക്യാമ്പും 8നും 9നും നടക്കും. എട്ടിന് രാവിലെ 10.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണമാണ് നടത്തിയത്. കുട്ടികൾ നിർമ്മിച്ച റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനവും നടക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ടി.ടി സുനിൽ തുടങ്ങിയവർ പങ്കെടുക്കും. 2022ൽ വിതരണം പൂർത്തിയാക്കിയ 9000 കിറ്റുകൾക്ക് പുറമേയാണ് 20,000 എണ്ണം കൂടി ഹൈസ്കൂളുകൾക്ക് ലഭ്യമാക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 8475 ഉം കൊച്ചിൻ ഷിപ്പിയാർഡ് 4615 ഉം ടെക്നോപാർക്കിലെ ക്യൂബർസ്റ്റ് ടെക്നോളജീസും കാനറാ ബാങ്കും 1000 വീതവും കിറ്റുകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |