SignIn
Kerala Kaumudi Online
Thursday, 24 September 2026 3.19 PM IST

ലോകമേ,​ വിഴിഞ്ഞം; ബർത്ത് തൊട്ട് അമ്മക്കപ്പൽ, കണ്ടെയ്നറുകൾ ഇറക്കി

READ ENGLISH VERSION

vizhinjam


തിരുവനന്തപുരം: രണ്ടായിരം കണ്ടെയ്നറുമായി ബർത്തിനെ തൊട്ടുരുമ്മി അമ്മക്കപ്പൽ. കണ്ടെയ്നറുകളെ പൂപോലെ യാർഡിൽ വച്ച് ക്രെയിനുകൾ. വിഴിഞ്ഞത്ത് വികസന മണിമുഴക്കം. പുളകംകൊണ്ട് കേരളം.

മദർഷിപ്പ് സാൻഫെർണാണ്ടോ ഇന്നലെ രാവിലെ തീരംതൊട്ടപ്പോൾ വിഴിഞ്ഞം ആഹ്ലാദത്തിരയിലായി. വാട്ടർസല്യൂട്ട് നൽകി അധികൃതർ ബർത്തിലേക്ക് ആനയിച്ചപ്പോൾ,​ ചെണ്ട കൊട്ടിയും പടക്കംപൊട്ടിച്ചും മധുരം പകർന്നും നാട്ടുകാർ ആഘോഷമാക്കി. കപ്പലിന്റെ സഞ്ചാരപാതയിൽ ആഴിമല തീരത്ത് ക്ഷേത്ര പൂജാരി ആരതി ഉഴിഞ്ഞു. ആഗോള സമുദ്രവ്യാപാരത്തിലെ സുപ്രധാന കണ്ണിയായി നമ്മളും മാറുകയാണ്.

ചൈനയിലെ സിയാമെനിൽ നിന്ന് ജൂലായ് ഒന്നിന് വിഴിഞ്ഞത്തേക്ക് തിരിച്ച കപ്പൽ ഇന്നലെ പുലർച്ചെ നാലിന് പുറംകടലിലെത്തി. സ്വീകരിക്കാൻ 7.10ന് 4 ടഗുകൾ പുറപ്പെട്ടു. ഏഴേകാലോടെ പൈലറ്റ് തുഷാർ കനിത്കർ ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗിൽ കപ്പലിലെത്തി. തുടർന്ന് ക്യാപ്ടൻ വോൾഡിമർ ബോണ്ട് ആരെങ്കോയിൽ നിന്ന് കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തു. ഏഴരയോടെ ബർത്തിലേക്ക് പുറപ്പെട്ടു. പൈലറ്റുമാരായ തുഷാറും ക്യാപ്റ്റൻ സിബിജോർജും നിർമ്മൽ സക്കറിയയും ചേർന്ന് 9.30ന് ബർത്തിനരികിലെത്തിച്ചു. അദാനിയുടെ വിവിധ തുറമുഖങ്ങളിലെ പൈലറ്റുമാരാണിവർ.

മന്ത്രി വി.എൻ.വാസവൻ പച്ചക്കൊടി വീശിയതോടെ ബർത്തിംഗ് തുടങ്ങി. കൂറ്റൻ വടമുപയോഗിച്ച് ബർത്തിൽ ബന്ധിപ്പിക്കുന്ന മൂറിംഗ് 9.40ന് തുടങ്ങി. ടഗുകളുടെ സഹായത്തോടെ,​ കണ്ടെയ്നർഭാഗം ക്രെയിനിന് സമാന്തരമായി വരുന്ന രീതിയിൽ തിരിച്ചുനിറുത്തിയായിരുന്നു മൂറിംഗ്. 9.51ന് ബർത്തിന്റെ മദ്ധ്യഭാഗത്തായി സാൻഫെർണാണ്ടോയെ സുരക്ഷിതമായി അടുപ്പിച്ചു.

മന്ത്രി ജി.ആർ.അനിൽ, എം.വിൻസെന്റ് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് എന്നിവർക്ക് വാസവൻ മധുരം നൽകി. തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്.അയ്യർ, അദാനി പോർട്‌സ് സ്‌പെഷ്യൽ ഇക്കോണമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത, അദാനി പോർട്‌സ് സി.ഇ.ഒ പ്രണവ് ചൗധരി, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവരും സന്നിഹിതരായി.

എല്ലാം കിറുകൃത്യം

 12.05ന് ഓട്ടോമേറ്റഡ് ക്രെയിനുപയോഗിച്ച് കണ്ടെയ്നർ ഇറക്കാൻ നടപടി തുടങ്ങി

 ക്രെയിനിലെ യന്ത്രക്കൈ പോലുള്ള ഭാഗം ആദ്യ കണ്ടെയ്നർ 12.25ന് ഇറക്കിവച്ചു

 തുറമുഖ നാവിഗേഷൻ സെന്റർ അൺലോഡിംഗ് ഉൾപ്പെടെ കൃത്യമായി നിയന്ത്രിച്ചു

 ക്രെയിനുകളുടെ ശേഷിയും ഓട്ടോമേറ്റഡ് സിസ്റ്റവുമടക്കം പരിശോധിച്ച് ഉറപ്പിച്ചു

 ഇന്ന് രാവിലെയോടെ കണ്ടെയ്നറുകളെല്ലാം തുറമുഖത്തിറക്കും

 ഇവ കൊണ്ടുപോകാൻ ഫീഡർഷിപ്പുകൾ 13, 14 തീയതികളിലെത്തും

 ഇന്ന് വൈകിട്ട് സാൻഫെർണാണ്ടോ കൊളംബോയിലേക്ക് പോകും

സർക്കാരിന്റെ സ്വീകരണം ഇന്ന്

സാൻഫെർണാണ്ടോയ്ക്ക് ഇന്ന് സർക്കാർ സ്വീകരണമൊരുക്കും. വിഴിഞ്ഞം തുറമുഖത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ വിശിഷ്ടാതിഥിയാവും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാവും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ.അനിൽ, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിക്കും. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA