
തിരുവനന്തപുരം: വാട്സ് ആപ്പിലേക്ക് ഫോട്ടോ അയച്ച് അക്കൗണ്ട് വിവരങ്ങൾ ചോർത്തി സൈബർ തട്ടിപ്പ് നടത്തുന്നത് വ്യാപകമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. 'മാൽവെയറു"കൾ ഒളിപ്പിച്ച ഫോട്ടോകൾ അയച്ച് ഫോൺ ഹാക്ക് ചെയ്താണ് ഇത് നടപ്പിലാക്കുന്നത്. സാധാരണമെന്ന് തോന്നുന്ന ചിത്രത്തിനുള്ളിൽ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ് വേഡുകൾ, ഒ.ടി.പികൾ, യു.പി.ഐ വിവരങ്ങൾ എന്നിവ മനസിലാക്കാനുള്ള മാൽവെയറുകളുണ്ടാവും. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡേറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കും. ചിത്രം തുറക്കുമ്പോൾ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റു തട്ടിപ്പുകളിൽ ലഭിക്കാറുള്ളതുപോലെ ഇതിൽ മുന്നറിയിപ്പ് ലഭിക്കില്ല. അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകാളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.
മുൻകരുതൽ?
വാട്ട്സ്ആപ്പ് സെറ്റിംഗ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കണം. ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്യണം. സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയുംവേഗം 1930ൽ വിവരം അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |