
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ എം.എ നിഷാദ്. പരിഹാസം കലർന്ന പോസ്റ്റുമായാണ് എംഎ നിഷാദ് രംഗത്തെത്തിയത്. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുതെന്ന് എം.എ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
'എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം ... കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്.. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്.
ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ. മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ'- എംഎ നിഷാദ് കുറിച്ചു.
അതേസമയം, വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരെ കേസെടുക്കാനാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ നിർദേശം. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളെല്ലാം അന്വേഷിക്കണമെന്നും നിർദേശത്തിലുണ്ട്. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു മുമ്പ് കടവന്ത്ര പൊലീസെടുത്ത നിലപാട്. ഇതിനെതിരെ അൻസിബ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമിന്റെ മാനസിക പീഡനങ്ങളാണെന്ന് അൻസിബയുടെ പരാതിയിൽ പറയുന്നുണ്ട്. ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിക്കുകയും മതപരിവർത്തനം ആരോപിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. മറ്റൊരു താരമായ നീന കുറിപ്പിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |