SignIn
Kerala Kaumudi Online
Saturday, 03 October 2026 11.49 PM IST

വേണാട് എക്സ്പ്രസിലെ വൈകുന്നേരങ്ങളിലെ ദുരിത യാത്ര; ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി

venad-express-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈകുന്നേര സമയങ്ങളിൽ വേണാട് എക്സ്പ്രസിൽ യാത്രക്കാർ നേരിടുന്ന ദുരിതയാത്രയിൽ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി. എറണാകുളം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്ന് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫുട്‌ബോർഡിന് സമീപം പോലും അപകടകരമായ സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടിവരുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് എംപി പറഞ്ഞു. തിരക്ക് കുറക്കുന്നതിനായി വൈകുന്നേരം അധിക ട്രെയിൻ സർവീസ് അടിയന്തരമായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പരശുറാം എക്സ്പ്രസിനും തുടർന്ന് ലഭിക്കുന്ന സർവീസിനുമിടയിലെ ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയും വൈകുന്നേരത്തെ അമിത തിരക്കിന് പ്രധാന കാരണമാണ്. ഈ സാഹചര്യത്തിൽ വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളം, കോട്ടയം, കൊല്ലം റൂട്ടിൽ ഒരു അധിക വൈകുന്നേര ട്രെയിൻ സർവീസ് അടിയന്തരമായി അനുവദിക്കണം. പുതിയ റേക്ക് ലഭിക്കുന്നതുവരെ കാത്തിരിക്കാതെ, ഇതിനകം എൽ.എച്ച്.ബി. റേക്കുകളിലേക്ക് മാറ്റിയ സർവീസുകളിൽ നിന്ന് ലഭ്യമായ ഐ.സി.എഫ്. റേക്ക് ഉപയോഗിച്ച് അധിക സർവീസ് ആരംഭിക്കുന്നതിനുള്ള സാദ്ധ്യത റെയിൽവേ ബോർഡും സതേൺ റെയിൽവേയും അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധിക സർവീസ് ആരംഭിച്ചാൽ വൈകുന്നേര സമയത്തെ യാത്രക്കാരുടെ തിരക്ക് വിവിധ ട്രെയിനുകളിലേക്ക് വിതരണം ചെയ്യാനും വേണാട് എക്സ്പ്രസിലെ അമിത തിരക്ക് കുറയ്ക്കാനും കഴിയും. അതുവഴി യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സാധിക്കും. ഈ വിഷയത്തിൽ കൂടുതൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് വിഷയം ഉന്നയിക്കും. വിഷയത്തിൽ ഇടപെടൽ തേടി റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റയിൽസ് അടക്കമുള്ളവർ എന്നെ സമീപിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എറണാകുളം, കോട്ടയം, കൊല്ലം റൂട്ടിൽ അധിക വൈകുന്നേര ട്രെയിൻ സർവീസ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENAD EXPRESS, KODIKUNNIL SURESH MP, VENAD EXPRESS EVENING TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA