കൊച്ചി: വേമ്പനാട്ട് കായലിൽ കറുത്ത കക്കയുടെ പ്രതാപം വീണ്ടെടുക്കാനുള്ള സി.എം.എഫ്.ആർ.ഐ പദ്ധതി വൻവിജയം. ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ ഒരു ഹെക്ടർ വിസ്തൃതിയിൽ വിതച്ച അഞ്ച് ടൺ കക്ക വിത്തിൽനിന്ന് ഒരു വർഷത്തിന് ശേഷം നേട്ടം എട്ടിരട്ടി. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ 40 ടണ്ണോളം കക്ക വിളവെടുക്കാമെന്നാണ് വിലയിരുത്തൽ.
കായലിൽ കക്ക ലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 100 ശതമാനം സബ്‌സിഡിയോടെ തൈക്കാട്ടുശേരി കറുത്ത കക്ക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണിത്.
കക്ക തീരെയില്ലാതിരുന്ന മേഖല കണ്ടെത്തിയാണ് വിത്ത് വിതച്ചത്. 80 മുതൽ 90 ശതമാനം വരെ അതിജീവന നിരക്ക് രേഖപ്പെടുത്തിയ കക്കകൾക്ക് മികച്ച വളർച്ചയും ലഭിച്ചു. പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
വിളവെടുപ്പ് മേള സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കക്ക സമ്പത്തിന്റെ പുനരുജ്ജീവനത്തിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരമായ ഉപജീവനത്തിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യമായ സാമ്പിളിംഗ് രീതികളും അനുയോജ്യമായ വിത്തുസാന്ദ്രതയും ഉറപ്പാക്കിയാണ് പദ്ധതി വിജയിപ്പിച്ചത്
ഡോ. ആർ. വിദ്യ
സീനിയർ സയന്റിസ്റ്റ്
സി.എം.എഫ്.ആർ.ഐ
6000ലേറെ കുടുംബങ്ങളുടെ
ഉപജീവനമാർഗം
ഇന്ത്യയിൽ കറുത്ത കക്കയുടെ 80 ശതമാനവും വേമ്പനാട്ടു കായലിലാണ്. ആറായിരത്തിലധികം കുടുംബങ്ങളുടെ നേരിട്ടുള്ള ഉപജീവനമാർഗമാണിത്. അതിലേറെയാളുകൾ പരോക്ഷമായും ഈ കായൽസമ്പത്തിനെ ആശ്രയിക്കുന്നു.
കക്കയൊഴിഞ്ഞ കായൽ
കായലിലെ കക്ക ലഭ്യതയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സി.എം.എഫ.ആർ.ഐയുടെ കണക്കനുസരിച്ച് 2006ൽ 75,592 ടണ്ണായിരുന്ന ഉത്പാദനം 2024 ആയപ്പോഴേക്കും 45,601 ടണ്ണായി കുറഞ്ഞു. 40 ശതമാനത്തിന്റെ ഇടിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |