SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

രാജ്ഭവനിലേക്ക് ഉറ്റുനോക്കി സർക്കാർ: ഗവർണറുടെ ചിറകരിയുന്ന 2 ബില്ലുകൾ നിർണായകം

gov

തിരുവനന്തപുരം: ഗവർണർക്ക് ബില്ലുകൾ അനന്തമായി തടയാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാന സർക്കാർ.

യൂണിവേഴ്സിറ്റികളിൽ ഗവർണറുടെയും വൈസ്ചാൻസലറുടെയും അധികാരത്തിൽ കുറവുവരുത്താനും പ്രോചാൻസലറായ മന്ത്രിക്ക് അധികാരം കൂട്ടാനുമുള്ള രണ്ടു ബില്ലുകൾ നിയമസഭ പാസാക്കിയെങ്കിലും രാജ്ഭവനിലെത്തിച്ചിട്ടില്ല. ഇവയിൽ ഗവർണറുടെ തീരുമാനമാണ് സർക്കാർ ഉറ്റുനോക്കുന്നത്. പുതിയ ഗവർണർ ആർ.വി.ആർലേക്കർ സർക്കാരുമായി അനുനയത്തിലാണെങ്കിലും ഈ ബില്ലുകളിൽ ഒപ്പിടാനിടയില്ല. ഗവർണറുടെ അധികാരം കുറയ്ക്കുന്ന വിഷയമായതിനാൽ രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സാദ്ധ്യത. ഇവയ്ക്ക് പുറമെ, സ്വകാര്യസർവകലാശാല ആരംഭിക്കാനും വയോജനകമ്മിഷൻ രൂപീകരിക്കാനുമുള്ള ബില്ലുകളും ഉടൻ ഗവർണറുടെ പരിഗണനയ്ക്കെത്തും.

മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവച്ചിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ ഗവർണറുടെ ചാൻസലർ പദവി ഒഴിവാക്കാനുള്ളത് അടക്കം ഏഴു ബില്ലുകൾ രാഷ്ട്രപതിക്കയച്ചു. ഇതിൽ ലോകായുക്ത ഭേദഗതിയടക്കം ആറെണ്ണത്തിനും രാഷ്ട്രപതി അനുമതി നിഷേധിച്ചു. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവെച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹർജികളിൽ സുപ്രീംകോടതിയുടെ ഉത്തരവ് വരാനിരിക്കുന്നതേയുള്ളൂ.

കേന്ദ്രനിയമത്തിന് വിരുദ്ധമല്ലാത്ത ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടേണ്ട കാര്യമില്ലെങ്കിലും ഗവർണർ അങ്ങനെ ചെയ്തതും കാരണം വ്യക്തമാക്കാതെ രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചതുമാണ് കേരളം സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നത്. ഓർഡിനൻസാക്കിയപ്പോൾ ഗവർണർ ഒപ്പിട്ടിരുന്നവയാണ് രാഷ്ട്രപതിക്കയച്ച ബില്ലുകളിൽ മിക്കതും. അതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലാത്താണെന്നും സർക്കാരിന്റെ ഹർജിയിലുണ്ട്. ഗവർണറുടെ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഗവർണർക്കായി അറ്റോർണി ജനറലാണ് ഹാജരാവുന്നത്. കേസ് നടത്തിക്കുന്നത് കേന്ദ്രസർക്കാരും.

രാഷ്ട്രപതിയുടെ മുന്നിൽ രണ്ടു ബില്ലുകൾ

 2015ഡിസംബറിൽ നിയമസഭ പാസാക്കിയ മലയാളഭാഷ (വ്യാപനവും പരിപോഷണവും)ബിൽ, 2022 ഡിസംബറിൽ പാസാക്കിയ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

 മലയാളം ഔദ്യോഗികഭാഷയാക്കാനുള്ള ബിൽ, തമിഴും കന്നഡയുമടക്കം ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുമോയെന്ന സംശയത്തിലാണ് ഗവർണറായിരുന്ന പി.സദാശിവം രാഷ്ട്രപതിക്കയച്ചത്.

 പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാവാനിടയുള്ളതിനാൽ രണ്ടു ബില്ലുകളും രാഷ്ട്രപതിക്കയയ്ക്കാൻ നിയമവകുപ്പ് ശുപാർശചെയ്തിരുന്നു. ഇടയ്ക്കിടെ കേന്ദ്രസർക്കാർ ബില്ലിൽ സംശയങ്ങളുന്നയിക്കുന്നുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA