
കൊച്ചി: ഇൻഡോർ ഫ്ളോറുകളിലെ അതീവ ദുർഘടമായ ട്രാക്കുകൾ. ക്രോളിംഗ് ട്രാക്കുകളിൽ പാറക്കല്ലുകൾ, വെള്ളച്ചാട്ടങ്ങൾ, തൂക്കുപാലങ്ങൾ, ചെങ്കുത്തായ കുന്നുകൾ... അങ്ങനെ ഒരു യഥാർത്ഥ വനപാതയിലെ എല്ലാ പ്രതിബന്ധങ്ങളും. കുതിച്ചുപായാൻ തയ്യാറെടുക്കുന്ന കുഞ്ഞൻ ബാറ്ററി കാറുകൾ. ഒറിജിനൽ ഓഫ്റോഡ് റേസിംഗിന്റെ അതേ ത്രില്ല്. റിമോട്ട് കൺട്രോൾ (ആർ.സി) ഓഫ്റോഡ് റേസിംഗ് എന്ന വിനോദം കൊച്ചിയിൽ ആവേശം വിതറുകയാണ്.
വണ്ടിയും ട്രാക്കും നിശ്ചിതസമയത്തേക്ക് വാടകയ്ക്കെടുക്കാവുന്ന അഡ്വഞ്ചർ ക്ലബ്ബുകളും ഒപ്പം ലഘുഭക്ഷണ കഫേയും എല്ലാമായി സംരംഭകത്വ സാദ്ധ്യതയും അത് തുറക്കുന്നു. വണ്ടി മറിയാതെ ടാസ്ക് പൂർത്തിയാക്കാൻ വിനിയോഗിക്കുന്ന ഏകാഗ്രതയും ക്ഷമയും തന്നെയാണ് റേസിംഗിനെ രസകരമാക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാം. ടീം ആയും ടാസ്ക് എടുക്കാം. വെർച്വൽ സ്ക്രീൻ ഗെയിമുകളുടെ അടിമത്തത്തിൽ നിന്ന് മോചനവുമാകും. യഥാർത്ഥ കാറുകളുടെ വലിപ്പത്തിന് ആനുപാതികമായാണ് ആർ.സി കാറുകളുടെ നിർമ്മാണം. പത്തിലൊന്ന് വലിപ്പമുള്ളതാണെങ്കിൽ ടെൻ സ്കെയിൽ ആർ.സി കാറെന്നു വിളിക്കും.
3000 ചതുരശ്ര അടി ട്രാക്ക്
കൊച്ചിയിലെ ആദ്യ സംരംഭങ്ങളിലൊന്നായ തൃക്കാക്കരയിലെ ആർ.സി 7 കഫേയിൽ 3000 ചതുരശ്ര അടിയിൽ ട്രാക്കുകളുണ്ട്. എട്ടു വണ്ടികൾ വാടകയ്ക്ക് ലഭ്യമാണ്. കസ്റ്റമർക്ക് സ്വന്തം ആർ.സി കാറെത്തിച്ച് ട്രാക്ക് സൗകര്യം പ്രയോജനപ്പെടുത്തുകയുമാകാം. കാറുകളുടെ സെയിൽസും സർവീസുമുണ്ട്. ആർ.സി കാറുകൾക്ക് 55,000 മുതൽ 80,000 രൂപ വരെയാണ് വില. വണ്ടിക്കും ട്രാക്കിനും കുറഞ്ഞ വാടക 20 മിനിട്ടിന് 250 രൂപ.
ഇപ്പോൾ ടാസ്കുകളാണ് നൽകുന്നത്. കാറുകളുടെ പന്തയം പരിഗണനയിലുണ്ട്.
കെ.എ.ഷബാസ്, ആർ.സി 7ക്ലബ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |