
തിരുവനന്തപുരം: ശബരിമല ശ്രീഅയ്യപ്പസ്വാമിക്ക് പൂജ നടത്താൻ ഇക്കുറി നിയോഗം ലഭിച്ച പഴവങ്ങാടി മേൽശാന്തി അരീക്കര സുബ്രഹ്മണ്യ ശങ്കരൻ നമ്പൂതിരി ആയോധന കലയിലും സമർത്ഥൻ. പുലിപ്പുറത്ത് ഏറിയും മഹിഷിയെ വധിച്ചും ആയോധനകലയുടെ അഗ്രഗണ്യനായ അയ്യപ്പന് പൂജ നടത്താൻ ഇങ്ങനെയൊരു മേൽശാന്തി എത്തുന്നത് ആദ്യമെന്നാണ് സൂചന. പേരും പ്രശസ്തിയും തന്ത്ര, വേദ, ജ്യോതിഷ, വാസ്തു പണ്ഡിതൻ എന്ന നിലയിലാണെങ്കിലും കരാട്ടെയിലും കുങ്ഫുവിലും ബ്ളാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് ഈ അൻപതുകാരൻ. മാർഷ്യൽ ആർട്സ് പരിശീലകനും ജാപ്പനീസ് ആത്മീയ ഊർജ്ജ ചികിത്സാ രീതിയായ റെയ്കി മാസ്റ്ററുമാണ്.
ഇന്നലെ ഉഷഃപൂജ കഴിഞ്ഞ് പുറത്തുനിൽക്കുമ്പോഴാണ് മേൽശാന്തിയായി തിരഞ്ഞെടുത്ത വിവരമറിയുന്നത്.
ഗുരുനാഥന്മാരുടെയും പിതൃക്കളുടെയും ശാന്തി ചെയ്തിട്ടുള്ള ക്ഷേത്രങ്ങളിലെ ഭഗവാന്മാരുടെയും അനുഗ്രഹമെന്നാണ് അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.
മൂന്നുതവണ പട്ടികയിൽ വന്നിരുന്നു. 2020ൽ ശബരിമലയ്ക്ക് അപേക്ഷിക്കുന്ന അതേ സമയത്തായിരുന്നു പഴവങ്ങാടിലെയും നോട്ടിഫിക്കേഷൻ. രണ്ടിടത്തും അപേക്ഷിച്ചു. പഴവങ്ങാടിയിൽ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ശബരിമല ഇന്റർവ്യൂവിന് പോയില്ല. മുമ്പ് മാളികപ്പുറത്ത് അപേക്ഷിക്കാത്തതുകൊണ്ട് ഭഗവതിക്ക് ഒരു ദേഷ്യമുണ്ടോ എന്ന് തോന്നി. ഇത്തവണ മാളികപ്പുറത്തേക്കും അപേക്ഷിച്ചു. രണ്ടു പട്ടികകളിലും ആദ്യ പേരുകാരനായി. 2012ൽ തൈക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തിയായി തിരുവനന്തപുരത്ത് എത്തിയതാണ്. ഡൽഹി ആർ.കെ.പുരം അയ്യപ്പ ക്ഷേത്രത്തിലും മേൽശാന്തിയായിരുന്നു. അയ്യപ്പൻ എന്നത് ജീവശ്വാസമാണ്. അമ്പലപ്പുഴ പുതുമന ശ്രീധരൻ നമ്പൂതിരിയാണ് ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഗുരുകുലസമ്പ്രദായത്തിലായിരുന്നു പൂജാപഠനം. കോട്ടയത്തെ നെടുങ്കുന്നം അരീക്കര ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും വത്സലാ അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: വിദ്യാ ശങ്കരൻ. മക്കൾ: ഗൗരീശങ്കരി, പാർത്ഥസാരഥി. ഇരുവരും കോളേജ് വിദ്യാർത്ഥികൾ.
സുബ്രഹ്മണ്യൻ നമ്പൂതിരി ശബരിമല മേൽശാന്തി
□ദാമോദരൻ നമ്പൂതിരി മാളികപ്പുറത്ത്
ടി.എസ് സനൽകുമാർ
ശബരിമല: പഴവങ്ങാടി ക്ഷേത്രം മേൽശാന്തി, തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിൽ അരീക്കര ഇല്ലം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. വടകര മണിയൂർ പഞ്ചായത്തിൽ ആയടത്തില്ലം എ.ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. പയ്യോളി കീഴൂർ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. വൃശ്ചികം ഒന്നു മുതൽ ഒരു വർഷം ഇരുവരും പുറപ്പെടാ മേൽശാന്തിമാരാകും.
ആറു വർഷമായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി അഞ്ചു തവണ ശബരിമലയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്കുശേഷം സോപാനത്തായിരുന്നു ശബരിമല മേൽശാന്തി നറുക്കെടുപ്പ്. പട്ടികയിലെ ഏഴ് പേരുകൾ ഓരോന്നായി വെള്ളിക്കുടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ ഏഴ് വെള്ളപ്പേപ്പറും മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറുമിട്ടു. തുടർന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന് കൈമാറി. പന്തളം കൊട്ടാരത്തിൽ ദേവനന്ദൻ അർജുനാണ് നറുക്കെടുത്തത്. മൂന്നാമത്തെ നറുക്കിലാണ് തിരഞ്ഞെടുത്തത്.
മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിലായിരുന്നു. പട്ടികയിലുമുണ്ടായിരുന്ന അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ആദ്യം ഒഴിവാക്കി. മറ്റ് നാലു പേരുകൾ നറുക്കിട്ടു. പന്തളം കൊട്ടാരത്തിലെ അനശ്വര എം.രഞ്ജിത്ത് നറുക്കെടുത്തു. രണ്ടാമത്തെ നറുക്കിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് പി.ജി.അരുൺ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബോർഡ് അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ് കുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാർ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |