SignIn
Kerala Kaumudi Online
Monday, 19 October 2026 3.06 AM IST

വേമ്പനാട്ട് കായലിലെ പ്രതിസന്ധി,​ വലയുന്നത് തൊഴിലാളികൾ

kakka-
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വേമ്പനാട്ടുകായലിൽ കക്ക കുറയുന്നതിൽ തൊഴിലാളികൾക്ക് ആശങ്ക. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കായലിൽ നടക്കുന്ന മണൽനീക്കവും മല്ലിക്കക്കയുടെ (ചെറിയ കക്ക) വ്യാപകമായ ശേഖരണവും കക്കയുടെ സ്വാഭാവിക പ്രജനനത്തെയും വളർച്ചയെയും ബാധിച്ചതാണ് വ്യാപകമായി കക്ക കുറയാൻ കാരണം. കക്കയുടെ ആവാസ വ്യവസ്ഥയിലെ മാറ്റം, ഭാവിയിൽ കക്കശേഖരണത്തെ ഗുരുതരമായി ബാധിക്കാമെന്നും അവർ കരുതുന്നു.

കക്ക രണ്ട് സീസണുകളിലാണ് പ്രധാനമായും മുട്ടയിടുന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ ഓരുവെള്ളം കയറുന്ന കാലത്തും മേയ്-ജൂൺ മാസങ്ങളിൽ മഴ ലഭിച്ച് കായലിലെ ജലനിരപ്പ് ഉയരുകയും ഉപ്പുരസം കുറയുകയും ചെയ്യുന്ന കാലത്തുമാണ് പ്രജനനം നടക്കുന്നത്. ജലത്തിന്റെ ഒഴുക്കും ഉപ്പുരസത്തിലെ മാറ്റങ്ങളും കക്കയുടെ പ്രജനനത്തിന് പ്രധാനമാണ്.

മഴക്കാലത്ത് വേമ്പനാട്ടുകായലിലെ നീരൊഴുക്ക് ശക്തമാകുന്നതോടെ ആര്യാട്, മുഹമ്മ ഭാഗങ്ങളിൽ നിന്നുള്ള കക്ക വൈക്കം, ടി.വി പുരം മേഖലകളിലേക്ക് ഒഴുകിയെത്തും. മൂവാറ്റുപുഴയാറിൽനിന്നുള്ള വെള്ളവും ഈ മേഖലകളിലെത്തുന്നു. ഈ സമയം ഉപ്പ് രസം കുറഞ്ഞ്, മുട്ടയിടാനുള്ള സാഹചര്യം കൂടുന്നു.


മണൽനീക്കം തിരിച്ചടി

# ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ നടക്കുന്ന മണൽനീക്കം കക്കയുടെ നിലനിൽപ്പിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്

# മൂന്നര മീറ്റർ ആഴത്തിൽ മണ്ണ് നീക്കേണ്ട സ്ഥാനത്ത് ഒമ്പത് മീറ്റർ വരെ കുഴിക്കുന്നതായാണ് ആരോപണം.കായലിന്റെ അടിത്തട്ടിലെ ഇത്തരം മാറ്റങ്ങൾ കക്കയുടെ പ്രജനനത്തെയും വളർച്ചയെയും ബാധിക്കും

# കായലിന്റെ ചില ഭാഗങ്ങളിൽ എക്കൽ അടിഞ്ഞുകൂടി പുല്ല് വളരുന്നതും ആവാസ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്.മണലിനൊപ്പം നീക്കംചെയ്യുന്ന ചെളിയും പ്ലാസ്റ്റിക്കും കരയിൽ നിക്ഷേപിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും

# മുട്ടയിട്ട് വളരുന്ന കക്കയെ ആറുമാസത്തിനുള്ളിൽ വിളവെടുക്കാനാകും. എന്നാൽ, പൂർണവളർച്ചയെത്താത്ത മല്ലിക്കക്ക പിടിത്തം ഭാവിയിൽ ലഭ്യത കുറയാൻ ഇടയാക്കും, സ്വാഭാവിക ഉത്പാദനത്തെ ബാധിക്കും

മണൽ വാരൽ വേമ്പനാട് കായലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കക്കയുടെ പ്രജനനത്തെയും ബാധിച്ചിട്ടുണ്ട്. മണൽ ഖനനം അടിയന്തരമായി നിറുത്തിവയ്ക്കണം

-എം.കെ. ഉത്തമൻ,

സംസ്ഥാന സെക്രട്ടറി,

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEMBANADU KAYAL, KAKKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA