
തിരുവനന്തപുരം: ഇന്നലെ യെല്ലോ അലർട്ടായിരുന്നു വയനാട്ടിൽ. 24 മണിക്കൂറിൽ പ്രതീക്ഷിച്ചത് 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴയും. എന്നാൽ 265 മില്ലിമീറ്റർ വരെ പെയ്‌തു. റെഡ് അലർട്ടിനേക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. 204.4 മില്ലിമീറ്ററിൽ കൂടുതൽ അതിതീവ്രമഴ പ്രതീക്ഷിക്കുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.
വയനാടിന് പുറമേ മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലു തിങ്കളാഴ്ച ഒറ്റപ്പെട്ട മഴയ്‌ക്കുള്ള യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇന്നലെയും യെല്ലോ അലർട്ടായിരുന്നു. എന്നാൽ ഉച്ചയ്‌ക്കാണ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം ഒഴിവാക്കണം.
മഴ 28 ശതമാനം കുറഞ്ഞു
ജൂൺ ഒന്നു മുതൽ ഇതുവരെ സംസ്ഥാനത്ത് മഴയിൽ 28 ശതമാനത്തിന്റെ കുറവുണ്ടായി. വയനാട്ടിലാണ് കുറച്ച് മഴ പെയ്തത്. 917.5 മില്ലീ മീറ്രർ ലഭിക്കേണ്ടിടത്ത് കിട്ടിയത് 372.4 മില്ലീ മീറ്രർ മാത്രം. 59 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായെങ്കിലും തെക്കൻ ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിക്കുന്നില്ല. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദപാത്തിയുള്ളതിനാൽ കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തികൂട്ടിയിട്ടുണ്ട്. ഇതു കാരണം വടക്കൻ കേരളത്തിൽ മഴ ശക്തമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |