
തിരുവനന്തപുരം: അതിദരിദ്രരായ മുഴുവൻ ഭൂരഹിതർക്കും മാർച്ച് 31 നുള്ളിൽ പട്ടയം നൽകാൻ റവന്യൂമന്ത്രി കെ.രാജൻ നിർദ്ദേശിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിലായിരുന്നുനിർദ്ദേശം. അതിദരിദ്രരായ എല്ലാ ഭൂരഹിതർക്കും 2025 നവംബറിന് മുമ്പ് ഭൂമിയെന്ന പ്രഖ്യാപനം വന്ന് നാളേറെയായിട്ടും നൽകിയത് വെറും 213 പേർക്കുമാത്രമാണെന്ന് ജനുവരി 9ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതിദരിദ്രരിൽ 2766 ഭൂരഹിതരുണ്ട്.
ലാൻഡ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ് തീർപ്പാക്കണം. ലാൻഡ് അസൈൻമെന്റ് പ്രശ്‌നങ്ങളും വേഗത്തിൽ പരിഹരിക്കണം.
31ന് എറണാകുളത്ത് കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ മദ്ധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട്ട് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളുടെ വടക്കൻ മേഖലാ യോഗവും പൂർത്തിയായാൽ ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചു കൂട്ടി നടപടികൾ വിശദീകരിക്കണം.
ഭൂമി തരംമാറ്റം ചെയ്തു കൊടുക്കും എന്ന് ബോർഡും വച്ച് നിയമത്തെ വെല്ലുവിളിക്കുന്ന ഇടനിലക്കാർക്കെതിരെ കർശന നടപടി എടുക്കണം.
പുറമ്പോക്ക്, വനഭൂമി പട്ടയങ്ങളുടെ വിതരണം, ഡിജിറ്റൽ റീ സർവ്വേ പ്രകാരമുള്ള അധിക ഭൂമിയുടെ നികുതി സ്വീകരിക്കൽ, വില്ലേജ് ഓഫീസുകളുടെ ശാക്തീകരണം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ എന്നിവർ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. വില്ലേജുകളുടെ പ്രവർത്തനം എല്ലാ മാസവും ചാർജ് ഓഫീസർമാർ വിലയിരുത്തണം. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വില്ലേജ് തല ജനകീയ സമിതികൾ ചേരുന്നുണ്ടോ എന്നും പരിശോധിക്കണം. ഡിജിറ്റൽ റീ സർവ്വേ സംബന്ധിച്ച് സർവ്വേ ഡയറക്ടർ സാംബശിവ റാവു വിവരിച്ചു.
തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ
ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, എൽ.ആർ തഹസിൽദാർമാർ, സർവെ ഡെപ്യൂട്ടി ഡയറക്ടർ, സർവ്വെ സൂപ്രണ്ട്, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |