SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

നോട്ടം തെറ്റാതെ രഞ്ജിനി ; മേൽച്ചുണ്ടിൽ പാവകളി

pavakali-
നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്ന കെ.എസ്. രഞ്ജിനി

കൊച്ചി: മേൽച്ചുണ്ടിൽ കുത്തിനിറുത്തിയ നീളൻ കമ്പ്. ഇതിന്റെ അഗ്രഭാഗത്തെ ചെറിയ തട്ടിൽ ഇതിഹാസ നായകന്മാരുടെ പോരാട്ടം. നോക്കുവിദ്യ പാവകളിയിൽ മുഴുകി രഞ്ജിനി. എട്ടാം വയസിൽ തുടങ്ങിയതാണ്. 17 വർഷം കൊണ്ട് പുരാണത്തിലെ സകല വീരന്മാരെയും 'കൺമുന"യിലാക്കിക്കഴിഞ്ഞു.

കോട്ടയം മോനിപ്പള്ളി സ്വദേശി രഞ്ജിനിക്ക് അമ്മവഴിയിലൂടെ കൈമാറിക്കിട്ടിയതാണ് നോക്കുവിദ്യ പാവകളി. പദ്മശ്രീ ജേതാവായ മുത്തശ്ശി പങ്കജാക്ഷിയിൽ നിന്ന് പഠിച്ചെടുക്കുകയായിരുന്നു. പാരീസിലടക്കം മുത്തശ്ശി കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്.

വേലൻ സമുദായത്തിന്റെ സ്വന്തം കലാരൂപമാണിത്. കണ്ണുകൾ പാവകളിൽ നിന്നു മാറിയാൽ, പാവകളെ നിയന്ത്രിക്കുന്ന ചരടുകൾ കെട്ടുപിണയും. അത്രയ്ക്കും ശ്രദ്ധവേണം.

രാമായണത്തിലെയും മഹാഭാരതത്തിലെയും യുദ്ധരംഗങ്ങളാണ് കൂടുതലും അവതരിപ്പിക്കുന്നത്. പരമശിവനും പാർവതിയും കുറവന്റെയും കുറത്തിയുടെയും രൂപത്തിൽ കാട്ടിലൂടെ നടക്കുമ്പോൾ ഭഗവാൻ തടിയിൽ രൂപങ്ങളുണ്ടാക്കി പാർവതിയെ ഈ കലാരൂപം പഠിപ്പിച്ചെന്നാണ് ഐതിഹ്യം.

ഏഴിലംപാല പാവകൾ
കമുകിൻ തടി രണ്ടടി നീളത്തിലും ചൂണ്ടുവിരലിന്റെ വണ്ണത്തിലും ചെത്തിയെടുത്താണ് മേൽച്ചുണ്ടിൽ വയ്ക്കുക. ഇതിനുമുകളിൽ പാവയെ ഉറപ്പിക്കുന്നു. ഏഴിലംപാലത്തടിയിലേ പാവകൾ നിർമ്മിക്കാവൂ. വെട്ടിത്തിളങ്ങുന്ന വേഷങ്ങൾ പാവകൾക്ക് അണിയിക്കും. കൈവിരലുകളിൽ ചുറ്റിയ ചരടിലാണ് പാവയുടെ നിയന്ത്രണം.

കത്തിമുനയിലും

പാവനൃത്തം

അഞ്ചുപേർ ചേർന്നാണ് പാവകളി അവതരിപ്പിക്കുക. ഗിഞ്ചറ, തുടി, പറ, കൈമണി എന്നിവയാണ് വാദ്യമേളങ്ങൾ. പാട്ടുപാടുന്നത് അമ്മാവൻ ശിവൻ. അവതരണം ഒരു മണിക്കൂർ. കത്തിയുടെ പിടിയിൽ കടിച്ചുപിടിച്ച് മുനയിൽ പാവയെ നിറുത്തി നൃത്തം ചെയ്യിക്കാനും രഞ്ജിനിക്കറിയാം. ബി.കോം ബിരുദധാരിയാണ്. അമ്മ രാധാമണി. സഹോദരങ്ങൾ: രാജി, രഞ്ജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RENJINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA