SignIn
Kerala Kaumudi Online
Saturday, 25 July 2026 1.49 AM IST

ഡിജിറ്റൽ റീസർവേ: താത്കാലികക്കാരുടെ ശമ്പള കുടിശികയ്ക്ക് 20 കോടി

aa


#സർവേ വീണ്ടും തുടങ്ങും

തൃശൂർ: ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർവേയർമാരും ഹെൽപ്പർമാരും ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാർക്ക് നാലുമാസത്തെ ശമ്പള കുടിശിക നൽകാൻ റവന്യൂ വകുപ്പ് തീരുമാനം.

ഇവർ വിട്ടുനിൽക്കുന്നതിനാൽ റീസർവേ നിലച്ചിരുന്നു.അതിനുള്ള പരിഹാരമായാണ് റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെ പക്കൽ നിന്നുമായി 20 കോടി രൂപ നൽകാൻ തീരുമാനിച്ചത്. 4000ത്തിലേറെ പേർക്ക് 25 കോടിയിലേറെയാണ് കുടിശിക. സർക്കാരാണ് തുക അനുവദിക്കേണ്ടത്. സർക്കാൻ അനുവദിക്കുമ്പോൾ 20 കോടി പ്ലാൻ ഫണ്ടിലേക്കും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന്റെ ഫണ്ടിലേക്കും തിരികെവയ്ക്കും. താത്കാലിക ജീവനക്കാർക്ക് ജോലി നഷ്ടപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ആദ്യഘട്ടത്തിന് സാമ്പത്തിക സഹായം നൽകിയ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് മാർച്ച് 31ന് അവരുടെ സഹായം അവസാനിപ്പിച്ചു. ബഡ്ജറ്റിൽ പണം നീക്കിവച്ചിട്ടില്ല. അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് 133 കോടി വേണം. ഇക്കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.

പൂർത്തീകരിച്ചത്

242 വില്ലേജിൽ

#1666 വില്ലേജുകളിൽ 242 എണ്ണത്തിലാണ് സർവേ പൂർത്തിയായത്. 142 വില്ലേജുകളിൽ അളവ് പൂർത്തിയാക്കി നയൻ 2 പ്രസിദ്ധീകരിച്ചു (തിരുത്തലുകളും പരാതി പരിഹാരമുൾപ്പെടെ ബാക്കി). 236 വില്ലേജുകളിൽ ഫീൽഡ് വർക്കും 239 എണ്ണത്തിൽ വിവരശേഖരണവും നടക്കുകയാണ്.

# നടപടികൾ പൂർത്തിയായ വില്ലേജുകളിലെ പരാതികൾ സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹരിക്കണമെന്നാണ് റവന്യൂ വകുപ്പ് നിർദ്ദേശം. പരാതി പരിഹാരത്തിന് സർക്കാർ സർവേയർമാർ തന്നെ വേണമെന്നിരിക്കെ സംസ്ഥാനത്ത് ആകെയുള്ളത് 2000 സർവേയർമാരാണ്.


ഡിജിറ്റൽ റീസർവേ

70 ശതമാനം വരെ കോർസ് (കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും 20 ശതമാനം ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും ശേഷിക്കുന്നത് ഡ്രോൺ ഉപയോഗിച്ചുമാണ് ഡിജിറ്റൽ റീസർവേ.

ഭൂവിവരങ്ങൾ കൃത്യമാവും, ഭൂവിവരം വേഗം പുതുക്കും, അപേക്ഷകൾ വേഗം തീർപ്പാക്കാം, ഓഫീസുകൾ കയറിയിറങ്ങേണ്ട, ഓൺലൈനായി അപേക്ഷയും പരിഹാരവും തുടങ്ങിയവയാണ് ഗുണങ്ങൾ.

``പ്രതിസന്ധിക്ക് ഈ ആഴ്ച തന്നെ പരിഹാരം കാണും. അടിയന്തര നടപടി സ്വീകരിക്കും.``
-സതീഷ് കുമാർ,

അഡിഷണൽ ഡയറക്ടർ,സർവേ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL RESRVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA