
തിരുവനന്തപുരം: സൂപ്പർ മാർക്കറ്റിൽ നിന്ന് റേഷൻ സാധനങ്ങളും വാങ്ങാം. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമാണിത്. സബ്സിഡി കാർഡുകൾക്കാവും ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. ഇ പോസ് മെഷീനുകൾ പൂർണമായും മാറും. പകരം മൊബൈൽ ആപ്പ് വരും.
സ്മാർട്ട് പി.ഡി.എസ് വരുന്ന ഏപ്രിലിൽ പ്രാബല്യത്തിലാവും. ഇതിന്റെ രണ്ടാം ഘട്ടത്തിലണ് റേഷൻകടകൾക്ക് പുറത്തും റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നത്.
സർക്കാരുമായി കരാറിലേർപ്പെടുന്ന കടകൾക്ക് എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കും. റേഷൻ ആപ്പ് വ്യാപാരകേന്ദ്രങ്ങൾക്കും നൽകും. സബ്സിഡി തുക കേന്ദ്ര സർക്കാർ വ്യാപാരികളുടെ അക്കൗണ്ടിലിടും. സംസ്ഥാന സർക്കാരിന് സമ്മതമെങ്കിൽ, സപ്ളൈകോയിൽ ലഭ്യമാകുന്ന മറ്റ് സബ്സിഡി സാധനങ്ങളും സ്വകാര്യ കടകളിൽ അനുവദിക്കും. ഫലത്തിൽ റേഷൻകടകളുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സ്മാർട്ട് പി.ഡി.എസ് പരിഷ്കാരങ്ങൾ.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് സബ്സിഡിയും സൗജന്യവും ഉറപ്പാക്കാൻ ഇ വാലറ്റും വരും. റിസർവ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയായ ഇ റുപ്പി (സി.ബി.ഡി.സി) കേന്ദ്ര സർക്കാർ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു ലഭ്യമാക്കും. റേഷൻ സബ്സിഡി അല്ലെങ്കിൽ സൗജന്യ ധാന്യങ്ങൾക്കുള്ള പണം ഇ റുപ്പി ടോക്കണുകളായി ഫോണിലെ ഇ റുപ്പി വാലറ്റിലെത്തും. തുക, ഇനം എന്നിവയ്ക്ക് തുല്യമായ ടോക്കണുകളാണ് എത്തുക. ടോക്കണുകൾ കൈമാറാൻ കഴിയില്ല. യഥാർത്ഥ ഗുണഭോക്താവിനേ ഉപയോഗിക്കാനാവൂ. സംസ്ഥാനത്ത് ഇ വാലറ്റ് മുഖേനയുള്ള റേഷൻ വാങ്ങൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാവും ആദ്യം നടപ്പാക്കുക.
ഗുണഭോക്താവിന്
എല്ലാം ഈസി
1 റേഷൻസാധനങ്ങൾ മറ്റ് സാധനങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റിൽ കിട്ടും
2 എഫ്.സി.ഐ നേരിട്ട് എത്തിക്കുക ഗുണമേന്മ നഷ്ടപ്പെടാത്ത സാധനങ്ങൾ
3 ഇ വാലറ്റ് മുഖേനയുള്ള ഇടപാടായതിനാൽ സബ്സിഡി ആനുകൂല്യം നഷ്ടമാകില്ല
കോർപ്പറേറ്റുകൾ
പിടിമുറുക്കും
1 റേഷൻ മേഖലയിലേക്ക് കോർപ്പറേറ്റുകൾക്ക് കടന്നു വരാനാകും
2 റേഷൻവ്യാപാരികൾക്ക് വൻതോതിൽ വരുമാന ചോർച്ച
3 സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം നാമമാത്രമാകും
''സ്മാർട്ട് പി.ഡി.എസിന്റെ ഭാഗമായി റേഷൻവിതരണം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ ശ്രമിച്ചാൽ ശക്തമായി എതിർക്കും.''- അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |