
മലപ്പുറം: മൺസൂൺ മഴ കുറഞ്ഞ പശ്ചാത്തലത്തിൽ വേനലെത്തും മുൻപേ കേരളം വരൾച്ചാഭീഷണിയിലേക്കെന്ന് ആശങ്ക. സംസ്ഥാനത്ത് മൺസൂൺ മഴയിൽ 27 ശതമാനത്തിന്റെ കുറവുണ്ട്. ജൂൺ ഒന്ന് മുതൽ സെപ്തംബർ 14 വരെയുള്ള കണക്കിൽ സാധാരണ ലഭിക്കേണ്ട 1,880 മില്ലിമീറ്റർ മഴയ്ക്ക് പകരം ലഭിച്ചത് 1,373.9 മില്ലിമീറ്റർ മാത്രം. 506.1 മില്ലിമീറ്റർ മഴയാണ് കുറഞ്ഞത്. വരുംദിവസങ്ങളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ടെങ്കിലും കാലവർഷം അവസാനിക്കാൻ രണ്ടാഴ്ചയേ ശേഷിക്കുന്നുള്ളൂ.
അതിനാൽ മഴക്കുറവിന് പരിഹാരമാവില്ല. സംസ്ഥാനം രൂക്ഷമായ വരൾച്ചയിലേക്കും ശുദ്ധജല ക്ഷാമത്തിലേക്കും നീങ്ങിയേക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. പസഫിക് സമുദ്രത്തിലുണ്ടായ ശക്തമായ 'എൽനിനോ' പ്രതിഭാസമാണ് കാലവർഷത്തെ ദുർബലമാക്കിയത്. മഴ മാറിയതോടെ ചൂടും ശക്തമായി. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം മൺസൂണിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.
പകുതി മഴ പോലുമില്ല
പ്രധാന ഡാമുകൾ സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ 47% മഴക്കുറവ് രേഖപ്പെടുത്തി. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും വയനാട്ടിൽ പെയ്തിട്ടില്ല. 53 ശതമാനത്തിന്റെ കുറവോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം ഇടുക്കിയിൽ 35%, വയനാട്ടിൽ 36 ശതമാനം എന്നിങ്ങനെയായിരുന്നു മഴക്കുറവ്.
മൂന്നര മാസത്തെ
മഴയും മഴക്കുറവും
(അളവ് മി.മീറ്ററിലും വ്യത്യാസം ശതമാനത്തിലും)
ജില്ല................ലഭിച്ച മഴ..........ലഭിക്കേണ്ടത്.....വ്യത്യാസം
കാസർകോട്............2285.6..............2724.0.......................-16
കണ്ണൂർ.......................2215.5...............2493.2........................-11
കോഴിക്കോട്.............2026.6............2420.9........................-16
വയനാട്.....................1098.3.............2346.7........................-53
മലപ്പുറം...................1370.3...............1828.4........................-25
പാലക്കാട്................1039.1..............1449.6...........................-28
തൃശൂർ......................1423.5.............1987.4...........................-28
എറണാകുളം.........1450.8..............1948.4...........................-26
കോട്ടയം.................1517.2...............1749.0..........................-13
പത്തനംതിട്ട..........1294.0...............1424.7............................-9
ഇടുക്കി....................1260.7...............2393.7...........................-47
ആലപ്പുഴ.................1033.7...............1494.1...........................-31
കൊല്ലം.....................721.2................1126.1...........................-36
തിരുവനന്തപുരം...664.7.................739.9............................-10
(ജൂൺ ഒന്ന് മുതൽ സെപ്തംബർ 14 വരെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |