
തിരുവനന്തപുരം:ഏതാനും ദിവസം മുമ്പ് തെലുങ്ക് നിർമ്മാതാവും സംവിധായകനുമായ നാഗ് അശ്വിൻ, തെന്നിന്ത്യൻ
സിനിമയിലെ വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിനെ ഫോണിൽ വിളിച്ചു. ആരോഗ്യ വിവരങ്ങൾ തിരക്കുന്നതിനിടയിൽ പുതിയ സിനിമയുടെ ആശയം അവതരിപ്പിച്ചു; ടൈറ്റിലും. 'ഒരു പഴം കത്തിയെ മുറിക്കുന്നു'. സാധാരണ യുക്തിയെ തലകീഴായി മറിക്കുന്ന ടൈറ്റിൽ. ആശുപത്രിക്കിടക്കയിൽ 94-ാം വയസിന്റെ അവശതയിലും പുതിയ സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മനസിൽ ആ സിനിമയുടെ തിരക്കഥ തെളിഞ്ഞിട്ടുണ്ടാവണം.
ഏറ്റവുമൊടുവിൽ സംവിധാനം ചെയ്ത 'സിംഗ് ഗീതം' ജൂൺ 12നാണ് റിലീസ് ചെയ്തത്.13 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിംഗീതം സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നാഗ് അശ്വിൻ നിർമ്മിച്ച ഈ മ്യൂസിക്കൽ ഫാന്റസി. സംസാരത്തിന് പകരം പാട്ട് പാടുന്ന ഗ്രാമത്തിന്റെ കഥയാണ് . ഫാന്റസി, സംഗീതം, ഹ്യൂമർ, സസ്‌പെൻസ് എന്നിവ ചേർന്ന സിനിമയുടെ വ്യത്യസ്തത തെലങ്കാനയിലും , ആന്ധ്രയിലും ചർച്ചയായിരുന്നു.
മറ്റൊരാളുടെ സ്ഥാനത്ത് സ്വയമെത്തിയ ശേഷമാണ് സിംഗീതം കഥാപാത്രങ്ങളുമായി മുന്നോട്ടു പോകുന്നതെന്നാണ് കമലഹാസന്റെ നീരീക്ഷണ. സോമ്മോക്കാടിദി സോക്കോക്കാടിദിയിലെ ശേഖറും രംഗയും, പുഷ്പക്, അപൂർവ്വ സഹോദരങ്ങൾ, മൈക്കൽ മദന കാമരാജൻ എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നതാണ്.സിംഗീതത്തിന്റെ അത്ഭുത സിനിമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 1990ലെ മൈക്കൽ മദന കാമരാജനാണ്. കമലഹാസൻ നാലു വേഷങ്ങളിലെത്തിയ ചിത്രം. ധനികന്റെ നാല് കുട്ടികളെ ഗുണ്ടാ നേതാവ് വേർപിരിക്കുന്നതും 20 വർഷങ്ങൾക്ക് ശേഷം അവർ കണ്ടു മുട്ടുന്നതുമാണ് കഥ. മൈക്കൽ, രാജു, കാമേശ്വരൻ, മദനഗോപാൽ എന്നീ നാല് പേരെയും ശബ്ദം കൊണ്ടും ഭാഷ കൊണ്ടും വ്യത്യസ്തരാക്കിയ കമലിന്റെ വോയ്സ് ആക്ടിംഗ് പാഠപുസ്തകമാണ്. ബി.സി. ഗൗരിശങ്കറിന്റെ ക്യാമറയിൽ നാല് കമലുമാരെ ഒരേ ഫ്രെയിമിൽ കൊണ്ടുവന്നത് സാങ്കേതിക വിസ്മയമായി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുഷ്പക വിമാനം, ആദിത്യ 369, മയൂരി തുടങ്ങി പരീക്ഷണ സിനിമകളുടെ നിര സമ്മാനിച്ചു. രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുള്ള സിംഗീതത്തിന് പദ്മ പുരസ്കാരം ലഭിക്കാത്തത് ഇന്നും ചർച്ചയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |