SignIn
Kerala Kaumudi Online
Saturday, 03 October 2026 12.34 AM IST

വെള്ളാനയായി ഭരണ പരിഷ്കാര കമ്മിഷൻ: ചെലവാക്കുന്നത് കോടികൾ, ശുപാർശകൾ ചവറ്റുകുട്ടയിൽ

READ ENGLISH VERSION
secreteriat

തിരുവനന്തപുരം: ജനങ്ങൾക്ക് മികവുറ്റ സേവനം ഉറപ്പാക്കാനും ഭരണ നവീകരണത്തിനുമായി നൽകുന്ന റിപ്പോർട്ടുകൾ സർക്കാർ ചവറ്റുകുട്ടയിലിടുന്നതിനാൽ കോടികൾ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന ഭരണപരിഷ്കാര കമ്മിഷൻ വെള്ളാനയായി മാറുകയാണ്. ശുപാർശകൾ നടപ്പാക്കാൻ സർക്കാരിന് നിയമപരമായി ബാദ്ധ്യതയില്ല. വി.എസ്.അച്യുതാനന്ദൻ അദ്ധ്യക്ഷനായ കമ്മിഷനായി 10 കോടിയോളമാണ് ചെലവിട്ടത്. 8.06 കോടി ശമ്പളത്തിനായിരുന്നു. സമർപ്പിച്ച 13 റിപ്പോർട്ടുകളിലും സർക്കാർ നടപടിയെടുത്തില്ല. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ 'സ്പാർക്ക്' സംവിധാനം കൊണ്ടുവന്നതുമാത്രമാണ് ഏകനടപടി. സ്വതന്ത്രാധികാരമുള്ള ഓഡിറ്റ് കമ്മിഷൻ, ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ വിജിലൻസ് കമ്മിഷൻ, ജീവനക്കാരുടെ യാത്രാച്ചെലവ് കുറയ്ക്കാൻ വീഡിയോ കോൺഫറൻസിംഗ്, സർക്കാർ ഓഫീസുകളിൽ ഏകീകൃത സർട്ടിഫിക്കറ്റ് വിതരണം, ടെൻഡറുകളിലെ സുതാര്യത ഉറപ്പാക്കാൻ തമിഴ്‌നാട് മാതൃകയിൽ നിയമനിർമ്മാണം എന്നിവ ഉൾപ്പെട്ടിരുന്നു. പക്ഷേ, നടപ്പാക്കിയില്ല. ആദിവാസികൾക്ക് വനാവകാശം അംഗീകരിക്കണമെന്ന ശുപാർശ ഭാഗികമായി നടപ്പാക്കി.

ഭരണപരിഷ്കാര വകുപ്പും വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതസമിതിയുമുള്ളപ്പോൾ ഭരണപരിഷ്കാര കമ്മിഷന് പ്രസക്തിയില്ലെന്ന വാദവുമുണ്ട്.

ഫയലിൽ പൊടിപിടിച്ചത്

ഉഗ്രൻ നിർദ്ദേശങ്ങൾ

1)അഴിമതി തടയാൻ രണ്ട് വിജിലൻസ് കമ്മിഷണർമാരും റിട്ട.ചീഫ്സെക്രട്ടറിയും കുറ്റാന്വേഷണത്തിൽ മികവുള്ള ഡി.ജി.പിയോ എ.ഡി.ജി.പിയോ അടങ്ങിയ വിജിലൻസ് കമ്മിഷൻ. വിജിലൻസ് കമ്മിഷണറായി ഹൈക്കോടതി ജഡ്ജി.

2)പെർഫോമൻസ് ഓഡിറ്റ് ശക്തിപ്പെടുത്തി വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ. എന്നാൽ തദ്ദേശസ്ഥാപനങ്ങളിലെ പെർഫോമൻസ് ഓഡിറ്റ് സർക്കാർ നിറുത്തലാക്കുകയാണ് ചെയ്തത്.

3)എക്സിക്യുട്ടീവ് അധികാരത്തോടെ സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ ഓഡിറ്റ് കമ്മിഷനായി നിയമിക്കണം. ഓഡിറ്റ് രേഖകളെല്ലാം പ്രസിദ്ധീകരിക്കണം. നിലവിലെ ഓ‌ഡിറ്റ് ശക്തിപ്പെടുത്തിയാൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം.

4)ഗാർഹികപീഡനക്കേസുകളിലെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്നതും നടപ്പായില്ല. ഉദ്യോഗസ്ഥർ അവധിയെടുത്താൽ ജനങ്ങൾക്ക് സേവനംകിട്ടാൻ സ്ഥിരംബദൽ സംവിധാനം വേണമെന്നതും നടപ്പായില്ല.

മന്ത്രിയുടെ പദവിയും ശമ്പളവും

ക്യാബിനറ്റ് റാങ്ക്, ശമ്പളം, അലവൻസുകൾ, ഔദ്യോഗിക വസതി, പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം, സുരക്ഷ എന്നിവയെല്ലാം കമ്മിഷൻ അദ്ധ്യക്ഷന് നൽകണം. അംഗങ്ങൾക്കും ശമ്പളവും ചികിത്സാആനുകൂല്യവും യാത്രാബത്തയുമുണ്ട്. വി.എസ്.അച്യുതാനന്ദൻ ശമ്പളം വാങ്ങിയിരുന്നില്ല, 27 ലക്ഷം ചെലവിനത്തിൽ കൈപ്പറ്റി.

നാല് കമ്മിഷനുകൾ

1957: മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് അദ്ധ്യക്ഷനായി ആദ്യഭരണപരിഷ്കാര കമ്മിഷൻ.

1965: എം.കെ.വെള്ളോടി അദ്ധ്യക്ഷനായി രണ്ടാം കമ്മിഷൻ.

1997: മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ അദ്ധ്യക്ഷനായി മൂന്നാം കമ്മിഷൻ.

2016: വി.എസ് അച്യുതാനന്ദൻ അദ്ധ്യക്ഷനായ നാലാംകമ്മിഷനിൽ മുൻ ചീഫ്സെക്രട്ടറിമാരായ സി.പി.നായർ, നീലാഗംഗാധരൻ എന്നിവരായിരുന്നു അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SECRETARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA