SignIn
Kerala Kaumudi Online
Friday, 02 October 2026 3.32 PM IST

അലങ്കാരച്ചട്ടികൾ മാത്രമല്ല, സ്‌പീക്കറും മാസ്‌കുംവരെ കളിമണ്ണിലൊരുക്കും; നിസാരനല്ല ഈ കലാകാരൻ

shivaprakash
ശിവപ്രകാശ്

തലമുറകളായി കൈമാറിവന്ന കളിമൺ കരകൗശല വിദ്യയ്‌ക്ക് ആധുനികതയുടെ സ്‌പർശം നൽകിയതിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് ശിവപ്രകാശ് എന്ന യുവ കലാകാരൻ. കളിമണ്ണിൽ അദ്ദേഹം തീർക്കുന്ന രൂപങ്ങൾക്ക് ആസ്വാദകരും ആവശ്യക്കാരും ഏറെയാണ്. വ്യത്യ‌സ്‌തങ്ങളായ രൂപത്തിൽ തയ്യാറാക്കുന്ന ചെടിച്ചട്ടികൾ മുതൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കുന്ന കളിമൺ സ്‌പീക്കറുകൾവരെ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

കളിമണ്ണിൽ പിറന്ന സംഗീതം

ബാറ്ററിയുടെയോ വൈദ്യുതിയുടെയോ സഹായമില്ലാതെ ഒരു മുറിയിലാകെ സംഗീതം നിറയ്‌ക്കാൻ സാധിക്കുന്നവയാണ് കളിമൺ സ്‌പീക്കറുകൾ. ഏതെങ്കിലും കാരണത്താൽ കേടുപാടുണ്ടായാലും പ്രകൃതിക്കോ പരിസ്ഥിതിക്കോ യാതൊരുവിധ മലിനീകരണവും സംഭവിക്കുന്നില്ലയെന്നതാണ് ഈ സ്‌പീക്കറുകളുടെ ഏറ്റവും വലിയ പ്രത്യേകത. മൊബൈൽഫോണിൽ പാട്ടിട്ടശേഷം ഈ കളിമൺ സ്‌പീക്കറുകൾക്കുള്ളിലേക്ക് വച്ചാൽ മതി, ശബ്ദം സ്വാഭാവികമായി ഉയർന്നുകേൾക്കും. കരകൗശലവിദ്യയെ ശാസ്‌ത്രവുമായി സമന്വയിപ്പിച്ചാണ് ഈ കളിമൺ സ്‌പീക്കർ ഒരുക്കിയിരിക്കുന്നത്.

സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തൽ

സാധാരണയായി നാം കണ്ടുമറന്ന കോളാമ്പിയുടെ ആകൃതിയിൽ മാത്രമല്ല ശിവപ്രകാശ് കളിമൺ സ്‌പീക്കറുകൾ തയ്യാറാക്കുന്നത്. കിളിക്കൂട്, മത്സ്യം തുടങ്ങിയ രൂപങ്ങളിലും അവ തയ്യാറാക്കാറുണ്ട്. നല്ലൊരു ചിത്രകാരൻ കൂടിയായ അദ്ദേഹം വീണപോലുള്ള സംഗീതോപകരണങ്ങളുടെ രൂപങ്ങളും, കേരളീയ കലകളുടെ രൂപങ്ങളും അവയിൽ വരച്ച് സംസ്‌കാരത്തെ അടയാളപ്പെടുത്താനും ശ്രദ്ധിക്കുന്നു.

ഒരു സ്‌പീക്കർ എന്നതിലുപരിയായി വീടിന്റെയോ സ്ഥാപനത്തിന്റെയോ ഭംഗി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു അലങ്കാര വസ്‌തുവായും ഇവ ഉപയോഗിക്കാം.520 മുതൽ തുടങ്ങുന്ന വിലയിൽ ഇവയെ സ്വന്തമാക്കാൻ ആവശ്യക്കാരും ധാരാളമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള രൂപങ്ങളിലും സ്‌പീക്കറുകൾ തയ്യാറാക്കി നൽകാറുണ്ട്.

കലാകാരന്മാരുടെ ഗ്രാമം

മലപ്പുറം ജില്ലയിലെ കരകൗശലത്തിനും മൺപാത്രനിർമ്മാണത്തിനും പേരുകേട്ട അരുവാക്കോടാണ് ശിവപ്രകാശിന്റെ ഗ്രാമം. അച്ഛൻ ചാമിയും അമ്മ മുത്തുവും പരമ്പരാഗതമായി തന്നെ കളിമണ്ണിൽ രൂപങ്ങൾ തീർത്തിരുന്നവർ. ജനിച്ച നാൾമുതൽ അതുകണ്ട് വളർന്ന ശിവപ്രകാശിന് കളിമൺ രൂപങ്ങളുണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. പ്ലസ്‌ടു കഴിഞ്ഞയുടൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സ് ചെയ്‌ത് ഫീൽഡ് അസിസ്റ്റന്റായി ജോലി ചെയ്‌തെങ്കിലും തിരികെ പാരമ്പര്യത്തിന്റെ വഴികളിലേക്കുതന്നെ മടങ്ങിയെത്തി.

കോഴിക്കോട് സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന സർഗാലയ അന്താരാഷ്‌ട്ര കരകൗശല മേളയിൽ ആദ്യമായി തത്സമയ പോട്ടറി ഡെമോൺസ്‌ട്രേഷൻ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. സർഗാലയിലെ പ്രൊഡക്‌ട് ഡിസൈനറായ സഹോദരൻ ശിവദാസനാണ് ആ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെ നിന്നും കളിമൺ കരകൗശലമേഖലയുടെ സാദ്ധ്യതകളെപ്പറ്റി ശിവപ്രകാശ് മനസിലാക്കി.

ആ അനുഭവം കേരളത്തിന്റെ മൺപാത്രം നിർമ്മാണപാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം കളിമൺ കരകൗശലത്തിൽ കൂടുതൽ ആധുനികമായ ആശയങ്ങൾ പരീക്ഷിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചു. തുടർന്നിങ്ങോട്ട് വ്യത്യസ്‌തങ്ങളായ പരിശീലന ക്ലാസുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കരകൗശലമേളകളിലും പങ്കെടുക്കാൻ തുടങ്ങി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും സമകാലിക ടെറാക്കോട്ട ഉൽപ്പന്നങ്ങളുടെ സാദ്ധ്യതകളും അദ്ദേഹം മനസിലാക്കി. ഇന്ന് സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജിലെ മാസ്റ്റർ ക്രാഫ്‌റ്റ്‌സ്‌മാനാണ് ശിവപ്രകാശ്.

ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ചുള്ള കളിമൺ രൂപങ്ങൾ തയ്യാറാക്കാൻ ശിവപ്രകാശ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദൂരെനാടുകളിൽനിന്നും എത്തുന്ന ആവശ്യക്കാർക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കുന്നത്. സ്‌പീക്കറുകൾക്ക് പുറമെ കളിമണ്ണിൽ തയ്യാറാക്കുന്ന മാസ്‌ക്കുകൾക്കും വ്യത്യസ്‌തങ്ങളായ ചെടിച്ചട്ടികൾക്കും ആവശ്യക്കാർ ഏറെയുണ്ട്. കേരളത്തിലെയും ഉത്തരേന്ത്യയിലെയും പരമ്പരാഗത കലാരൂപങ്ങളിൽനിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തരം മാസ്‌കുകൾ തയ്യാറാക്കുന്നത്.

വീട്ടിലൊരുക്കുന്ന പ്രദർശനം

ഇന്ന് ക്രാഫ്‌റ്റ് വില്ലേജിലെ ജോലിക്കൊപ്പം വീട്ടിൽ ഒരു ചെറിയ പ്രദർശനവും ശിവപ്രസാദ് ഒരുക്കുന്നുണ്ട്. ആധുനികമായ ചുറ്റുപാടുകളിലൊരുക്കുന്ന പോട്ടറി വർക്ക്‌ഷോപ്പുകൾ ഇന്ന് ധാരാളമുണ്ട്. എന്നാൽ, പരമ്പരാഗതമായ ചുറ്റുപാടിൽ കളിമൺ കരകൗശലത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാണ് ശിവപ്രകാശ് തന്റെ വീട്ടിൽ പ്രദർശനവും വർക്ക് ഷോപ്പുകളും ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള പോട്ടറി വീലുകൾക്കൊപ്പം പരമ്പരാഗത രീതിയിൽ കുലാല ചക്രം ഉപയോഗിച്ചുള്ള പോട്ടറി മേക്കിംഗും സന്ദർശകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു.

'കളിമണ്ണിൽ പുതിയ ആശയങ്ങൾ പരീക്ഷിച്ച് പുതിയൊരു സൃഷ്‌ടിക്ക് രൂപം നൽകുകയെന്നത് അൽപം കൗതുകമുള്ള കാര്യമാണ്. മനസിലുള്ള ആശയം യാഥാർത്ഥ്യമാക്കിയെടുക്കുമ്പോൾ വല്ലാത്തൊരു സംതൃപ്‌തിയാണ് അനുഭവപ്പെടുന്നത്. കൂടുതൽപ്പേരും വൈറ്റ് കോളർ ജോലികൾ അന്വേഷിച്ച് പോകുന്ന കാലത്ത് ഈ പരമ്പരാഗത കലയെ ആധുനികമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നതാണ് ലക്ഷ്യം. അതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ കിട്ടേണ്ടതുണ്ട്'- ശിവപ്രകാശ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POTTERY, CRAFT ARTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA