SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ഇന്ന് ലോക വനിത ദിനം: അതിജീവന പ്രതീക്ഷയിൽ ആശമാരുടെ ജീവിതം

READ ENGLISH VERSION
k

തിരുവനന്തപുരം: അതിജീവനമാശിച്ചുള്ള ആശമാരുടെ സെക്രട്ടേറിയറ്റ് സമരം 26 ദിനരാത്രങ്ങൾ പിന്നിടുകയാണ്. ആ സമരവീര്യത്തിന്റെ ജീവിതകഥ പറയുകയാണ് വനിതാദിനത്തിൽ കേരളകൗമുദി. അസുഖബാധിതരായ വൃദ്ധരെ പരിചരിക്കലായിരുന്നു ആശാവർക്കറായ മേനംകുളം സ്വദേശി സുരഭിയുടെ പതിവ്. ഈ സമയമെല്ലാം സുരഭിയുടെ മാറിലെ കാരിയർ ബാഗിൽ അമ്മയെ നോക്കി മൂന്നുമാസം പ്രായമുള്ള നിരാമയി കൺചിമ്മും. ജോലിക്കിടെ നിരാമയി വിശന്നു കരഞ്ഞ് തളർന്നുറങ്ങും. ഇതായിരുന്നു സുരഭിയുടെ ജീവിതം.

ഇന്നവർ കുഞ്ഞുമായി സമരപ്പന്തലിലുണ്ട്. 'മുലകുടി മാറാത്ത കുഞ്ഞല്ലേ. നിനക്ക് കുറച്ചുനാൾ വിശ്രമിച്ചൂടെ' എന്ന് ചിലർ ചോദിച്ചു. വിശ്രമിച്ചാൽ ഇവളെ എങ്ങനെ വളർത്തുമെന്നായിരുന്നു തുളുമ്പിയ കണ്ണുകളോടെയുള്ള സുരഭിയുടെ മറുപടി. സുരഭിയുടെ അമ്മ 18 വർഷം ആശാപ്രവർത്തകയായിരുന്നു. മുട്ട് തേയ്മാനമുണ്ടായി കിടപ്പിലായ അമ്മ രണ്ടുവർഷം മുൻപ് മരിച്ചു. അമ്മയുടെ ജോലിയാണ് സുരഭിക്ക് ലഭിച്ചത്. മൂത്തമകൻ നേതന് നാലുവയസാണ്. ഭർത്താവ് വിനീത് ചുമട്ടുതൊഴിലാളിയും.

സമരപ്പന്തലിൽ ഇരിക്കുമ്പോഴും പ്ലസ്ടുപരീക്ഷ എഴുതുന്ന മകൾക്കൊപ്പമാണ് ചേങ്കോട്ടുകോണം സ്വദേശി ഗിരിജയുടെ മനസ്. ഒരുദിവസം പോലും അവളെ അനുഗ്രഹിച്ച് പരീക്ഷയ്ക്ക് വിടാനായില്ല. പണമില്ലാത്തതിനാൽ ട്യൂഷന് വിടാനുമായില്ല. ഡോക്ടർ ആകണമെന്ന മകളുടെ മോഹം ഒരേസമയം ഗിരിജയ്ക്ക് ദുഃഖവും പ്രതീക്ഷയുമാണ്. സമരത്തിനിറങ്ങിയാൽ വീടിനു തീയിടുമെന്ന് ഭർത്താവ് പറഞ്ഞു. രണ്ടും കൽപ്പിച്ചിറങ്ങി. കുട്ടിക്കാലത്ത് സാമൂഹ്യ പ്രവർത്തകയാകാനായിരുന്നു മോഹം. അതുകൊണ്ടാണ് ആശാപ്രവർത്തകയായത്. ഇപ്പോൾ ശരിക്കും ആക്ടിവിസ്റ്റായെന്നും ഗിരിജ പറയുന്നു.

 കുടുംബം വീണ്ടെടുക്കാൻ ശാലിനി

നഷ്ടമായ കുടുംബത്തെ വീണ്ടെടുക്കാനാണ് ശാലിനി സമരത്തിനെത്തിയത്. കൊവിഡ് രോഗികൾക്കായി ഓടി നടന്നപ്പോൾ മക്കൾക്ക് ഭക്ഷണം നൽകാൻ പോലും കഴിഞ്ഞില്ല. ഭക്ഷണത്തിനുള്ള ഗതി അന്നുണ്ടായിരുന്നില്ലെന്നും ശാലിനി പറയുന്നു. ഭർത്താവുമായി പ്രശ്നങ്ങളാരംഭിച്ചപ്പോൾ മക്കളെ അദ്ദേഹത്തിനൊപ്പം നിറുത്താൻ താൻ പറഞ്ഞു. ഇപ്പോൾ വിവാഹ മോചനക്കേസ് നടക്കുകയാണ്. മൂത്തമകൻ അനന്തുവിന് പത്താംക്ലാസിൽ ഫുൾ എ പ്ലസുണ്ടായിരുന്നു. ഇളയമകൻ ആനന്ദ് ഒമ്പതിലാണ്. സമരം വിജയിച്ചാൽ മക്കളെ ഒപ്പം കൂട്ടാമെന്നാണ് ശാലിനിയുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURABHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA