SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

സ്വകാര്യ സർവകലാശാലകൾ: പിന്നാക്ക സംവരണമില്ല; ഫീസും തോന്നും പടി

university

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ, വിദേശ സർവകലാശാലകളിൽ പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടും. സമർത്ഥരായ ദരിദ്ര വിദ്യാർത്ഥികൾക്ക് ഫീസിളവുൾപ്പെടെ ലഭിക്കാനും സാദ്ധ്യതയില്ല. സ്വകാര്യ സർവകലാശാല കരട് നിയമ വ്യവസ്ഥകളിൽ നാമമാത്ര സംവരണം പട്ടിക വിഭാഗത്തിന് മാത്രമാണുള്ളത്.

സംവരണവും ഫീസ് നിയന്ത്രണവും പാലിക്കുമെന്ന സർക്കാരിന്റെ ഉറപ്പാണ് വെള്ളത്തിലാവുന്നത്. മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾ ഉൾപ്പെടെ തുടങ്ങാനാണ് പച്ചക്കൊടി വീശിയിരിക്കുന്നത്. സ്വകാര്യ കോളേജുകളിലെ നിയമനങ്ങളിലും വിദ്യാർത്ഥി പ്രവേശനത്തിലും ഫീസ് നിർണയത്തിലും സർക്കാരിന് പേരിന് പോലും റോളില്ലാതാവും.

കഴിഞ്ഞ ഉമ്മൻ ചാണ്ടിസർക്കാർ സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നതിന് ആരംഭിച്ച നീക്കം എൽ.ഡി.എഫിന്റെ കടുത്ത പ്രതിരോധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. യു.ഡി.എഫിന്റെ അന്നത്തെ അതേ വാദഗതികളാണ് പിണറായി സർക്കാരും തുടർ ഭരണത്തിന്റ അവസാന വർഷം ഉയർത്തുന്നത്.

പാരലൽ കോളേജുകൾ പോലെയെന്ന് ആക്ഷേപം

അക്കാഡമിക്, ഭരണ കാര്യങ്ങളിലും നിയമനങ്ങളിലും വിദ്യാർത്ഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണം ഇല്ലാതാവുന്നതോടെ സ്വകാര്യ സർവകലാശാലകൾ പാരലൽ കോളേജുകളുടെ മറ്റൊരു പതിപ്പായി മാറുമെന്നാണ് ആശങ്ക. സംസ്ഥാനത്ത് നിലവിലുള്ള സ്വകാര്യ, സ്വാശ്രയ

മെഡിക്കൽ, എൻജിനിറിംഗ് കോളേജുകളിൽ ഫീസ് നിർണയിക്കുന്നത്

ഹൈക്കോടതി റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായി സർക്കാർ നിയമിക്കുന്ന റഗുലേറ്ററി കമ്മിറ്റികളാണ്. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകൾക്ക് വിദേശത്ത് പ്രൊഫഷണൽ കോളേജുകൾ തുടങ്ങണമെങ്കിലും അവിടത്തെ വ്യവസ്ഥകൾ പലിക്കേണ്ടി വരും. എന്നാൽ, കേരളത്തിൽ വരുന്ന സ്വകാര്യ സർവകലാശാലകൾ ഉയർന്ന പഠന നിലവാരത്തിന്റെയും മികച്ച ഫാക്കൽറ്റിയുടെയും പേരിൽ ഫീസ് കുത്തനെ കൂട്ടിയാലും റഗുലേറ്ററി കമ്മിറ്റിക്കോ, കോടതിക്കോ ഇടപെടാനാവില്ല. ദരിദ്ര, പിന്നാക്ക വിദ്യാർത്ഥികൾക്ക് മുന്നിൽ അവയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടും.

എൽ.ഡി.എഫിലും സമവായമായില്ല

എൽ.ഡി.എഫിൽ കടുത്ത എതിർപ്പുമായി സി.പി.ഐ രംഗത്തുണ്ട്. ഘടകകക്ഷികളെയെല്ലാം വിഷയം നേരത്തേ അറിയിച്ചതാണെന്നും അന്നത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത കാനം രാജേന്ദ്രൻ സാക്ഷിയെന്നും സി.പിഎം പറയുന്നു. പക്ഷേ, അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകട്ടെ മനസാ വാചാ കർമ്മണാ അറിയാത്ത കാര്യമെന്നും പറയുന്നു. അന്നത്ത യോഗത്തിൽ താൻ എതിർത്തിരുന്നുവെന്ന് ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറയുന്നു. നിർദ്ദിഷ്ട ബിൽ കേരളത്തിലെ വിദ്യാഭ്യാസത്തെ തകർക്കുമെന്നാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ പക്ഷം. ഘടകകക്ഷികളെ മെരുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA