വീട്ടുമുറ്റത്തോ ടെറസിലോ ചെറിയ സ്ഥലത്ത് പോലും പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് നിത്യ വഴുതന കൃഷി. ഗ്രാമ്പൂ ബീൻസ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. അനുയോജ്യമായ പരിചരണം നൽകിയാൽ ഒരു ചെടിയിൽ നിന്ന് തുടർച്ചയായി വിളവ് ലഭിക്കുന്നതിനാലാണ് ഇതിന് 'നിത്യ വഴുതന' എന്ന പേര് ലഭിച്ചത്. ഗ്രോബാഗിലും വലിയ ചട്ടികളിലും ഇത് വളർത്താം. ഇതിന്റെ കായ് കൊണ്ട് രുചികരമായ തോരൻ. മെഴുക്കുപെരട്ടി എന്നിവ ഉണ്ടാക്കാൻ സാധിക്കും.
കൂടാതെ, ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവായതിനാൽ കൂടുതൽ പരിചരണത്തിന്റെയും ആവശ്യകതയില്ല. വളരെ ചുരങ്ങിയ സമയം കൊണ്ടുതന്നെ വിളവെടുത്ത് തുടങ്ങാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഏത് കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതനയുടെ കായ്കളിൽ ഫൈബർ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷക ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുണ്ട്.
നിത്യ വഴുതന കൃഷിയുടെ ആദ്യപടി ആരോഗ്യമുള്ള തൈ തിരഞ്ഞെടുക്കുകയാണ്. രോഗബാധയില്ലാത്തതും നല്ല വളർച്ചയുള്ളതുമായ തൈകൾ വേണം തിരഞ്ഞെടുക്കേണ്ടത്. വിത്തിൽ നിന്ന് തൈകൾ തയ്യാറാക്കുന്നതിനേക്കാൾ നല്ല ഗുണമേന്മയുള്ള നഴ്സറി തൈകൾ ഉപയോഗിക്കുന്നത് തുടക്കക്കാർക്ക് കൂടുതൽ എളുപ്പമായിരിക്കും.
നിത്യ വഴുതനയ്ക്ക് വെള്ളം കെട്ടിനിൽക്കാത്ത, നല്ല നീർവാർച്ചയുള്ള മണ്ണാണ് ആവശ്യം. ഏകദേശം 15-18 ഇഞ്ച് വലുപ്പമുള്ള ഗ്രോബാഗോ വലിയ ചട്ടിയോ ഇതിനായി തിരഞ്ഞെടുക്കാം. മണ്ണിനൊപ്പം ചാണകപ്പൊടി, കമ്പോസ്റ്റ്, ചകിരിച്ചോറ് തുടങ്ങിയ ജൈവവസ്തുക്കൾ ചേർത്ത് ഗുണമേന്മയുള്ള വളർച്ചാ മാദ്ധ്യമം തയ്യാറാക്കാം. മണ്ണ് അമിതമായി ഒതുങ്ങിപ്പോകാതിരിക്കാനും വെള്ളം കെട്ടിനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടി വളർത്തേണ്ടത്. നിത്യവഴുതന വള്ളിയായി പടർന്നുവളരുന്ന ചെടിയായതിനാൽ പന്തൽ ഒരുക്കിക്കൊടുക്കണം. ചെറിയ സ്ഥലത്ത് തന്നെ വടികളും കയറും ഉപയോഗിച്ച് ഇത് പടർത്താൻ കഴിയും. ടെറസിലാണെങ്കിലും രണ്ട് ഗ്രോബാഗുകളിലായി തൈകൾ നട്ടത്തിനുശേഷം പടർത്തിയാൽ മതിയാകും.
ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് ജൈവവളങ്ങൾ നൽകാം. അടുക്കളിയിലെ പച്ചക്കറി അവശിഷ്ടങ്ങൾ. മുട്ടത്തോട്, ഉപയോഗിച്ച തേയിലപ്പൊടി എന്നിവ ചുവട്ടിൽ ഇട്ടുനൽകാം. വേപ്പിൻകഷായം വെള്ളത്തിൽ നേർപ്പിച്ച് ആഴ്ചയിൽ ഒരിക്കൽ സ്‌പ്രേ ചെയ്യുന്നത് ചെടിയിൽ കീടശല്യം ഒഴിവാക്കുന്നതിന് സഹായിക്കും. തൈ നട്ട് 50 മുതൽ 70 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. കായ്കൾ കൃത്യമായി പറിച്ചെടുക്കുകയും വളവും വെള്ളവും ശരിയായി നൽകുകയും ചെയ്താൽ ഒരു ചെടിയിൽ നിന്ന് ദീർഘകാലം വിളവെടുക്കാൻ സാധിക്കും.
Nithya Vazhuthana, or Clove beans, is highlighted as an ideal vegetable for small-space home gardening, including terraces and grow bags. This crop offers continuous yield from a single plant, is largely pest-resistant, and requires minimal care. Rich in fiber, calcium, potassium, and Vitamin C, the nutritious vegetable can be harvested quickly and thrives in all climates, making it suitable for home growers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |