
ആഗസ്തിലെ വിലക്കയറ്റത്തോത് 4.82%
കൊച്ചി: ഭക്ഷ്യവിലയും ഇന്ധനച്ചെലവും കുതിച്ചുയർന്നതോടെ രാജ്യത്തെ സാമ്പത്തിക മേഖലയിൽ വില സമ്മർദ്ദം അതിരൂക്ഷമാകുന്നു. ആഗസ്റ്റിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജൂലായിലെ 4.45 ശതമാനത്തിൽ നിന്നും 4.82 ശതമാനമായി കുതിച്ചുയർന്നു. 2024 അടിസ്ഥാന വർഷമാക്കി ജനുവരിയിൽ പുതിയ സീരിസ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ നാല് ശതമാനം ലക്ഷ്യത്തിന്റെ മുകളിലെത്തുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് പ്രധാന വെല്ലുവിളി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സൂചിക ജൂലായിലെ 5.52 ശതമാനത്തിൽ നിന്ന് 5.95 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഭക്ഷ്യവില സൂചികയിലെ വർദ്ധന 6.13 ശതമാനവും നഗരങ്ങളിൽ 5.64 ശതമാനവുമാണ്. കാലവർഷ ലഭ്യതയിലെ വ്യതിയാനം വിലവർദ്ധനയ്ക്ക് ആക്കം കൂട്ടി.
പച്ചക്കറിയിൽ സമ്മിശ്ര ചലനങ്ങൾ
ഇഞ്ചിയുടെ വിലയിൽ 73.82 ശതമാനവും സവോള വിലയിൽ 48.27 ശതമാനവും വർദ്ധനയുണ്ട്. വെളുത്തുള്ളി വില 43.6 ശതമാനം ഉയർന്നു. സ്വർണം, ഡയമണ്ട്, പ്ളാറ്റിനം ആഭരണങ്ങളിലുണ്ടായ വില വർദ്ധന 35.53 ശതമാനമാണ്.
അതേസമയം തക്കാളി വില 31.09 ശതമാനം കുറഞ്ഞു. കിഴങ്ങ് വില 13.14 ശതമാനവും മോട്ടോർ കാറുകൾ, ജീപ്പ് എന്നിവയുടെ വില 6.72 ശതമാനവും കുറഞ്ഞു.
മൊത്തവില സമ്മർദ്ദവും ശക്തം
ചില്ലറവിലയ്ക്ക് പുറമേ മൊത്തവില സൂചികയും മുകളിലേക്കാണ്. ആഗസ്‌റ്റിൽ മൊത്തവില സൂചിക 9.92 ശതമാനമായി. ജൂലായിൽ 9.78 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്ന വിലക്കയറ്റം 7.05 ശതമാനവും ഇന്ധനം, വൈദ്യുതി വിഭാഗത്തിലെ വില വർദ്ധന 22.93 ശതമാനവുമാണ്. പെട്രോളിയം, പ്രകൃതി വാതക വിലയിൽ 34.41 ശതമാനം വർദ്ധനയുണ്ട്.
കേരളത്തിൽ ദേശീയ ശരാശരിയിലും താഴെ
ആഗസ്‌റ്റിൽ കേരളത്തിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും താഴെയാണ്. ഇക്കാലയളവിലെ നാണയപ്പെരുപ്പം 4.67 ശതമാനമാണ്. വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് തെലങ്കാനയിലാണ്. (6.27%). തമിഴ്നാട്(5.92%), മദ്ധ്യപ്രദേശ്(5.55%), ആന്ധ്രാപ്രദേശ്(5.53%), ഒഡിഷ(5.52%) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ഡെൽഹിയിലാണ് ഏറ്റവും കുറവ്(2.61%).
പലിശ കുറയാൻ സാദ്ധ്യത മങ്ങുന്നു
നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാനുള്ള സാദ്ധ്യതകൾ മങ്ങി. അടുത്ത മാസത്തെ ധനനയ രൂപീകരണ യോഗത്തിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിനാകും റിസർവ് ബാങ്ക് ഊന്നൽ നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |