SignIn
Kerala Kaumudi Online
Thursday, 18 June 2026 2.51 PM IST

ആരും വിശന്ന് കിടക്കില്ല, സർക്കാർ ആശുപത്രിയുടെ നല്ല മാതൃക, ഒരുനേരം ആഹാരം നൽകുന്നത് നൂറ്റൻപത് പേർക്ക്

vegitables

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണവിതരണ പദ്ധതിക്കാവശ്യമായ പച്ചക്കറികളിൽ ഒരു പങ്ക് ഇനി ആശുപത്രി കോമ്പൗണ്ടിൽ നിന്നുതന്നെ പറിച്ചെടുക്കാം. ഇതിനായി ഒരു പച്ചക്കറിത്തോട്ടം സജ്ജമാക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ.

ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലമാണ് പച്ചക്കറിത്തോട്ടമായി രൂപപ്പെടുത്തിയത്. പലതരം പച്ചക്കറികൾ ആണ് കൃഷി ചെയ്തിരിക്കുന്നത്. പയറും തക്കാളിയും വെണ്ടക്കയും പച്ചമുളകുമെല്ലാം ഇവിടെനിന്നുതന്നെ ലഭിക്കും. വാരപ്പെട്ടി എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിലെ 1982 ബാച്ചിൽ എസ്.എസ്.എൽ.സി. പഠിച്ചവരുടെ കൂട്ടായ്മയായ സൗഹൃദവും യു.എ.ഇ.ആസ്ഥാനമായ പ്രവാസി കൂട്ടായ്മ ആശ്രയവും ആണ് പച്ചക്കറിത്തോട്ടം സജ്ജമാക്കാൻ സഹായിച്ചത്. കൃഷി വകുപ്പും സഹകരിച്ചു.

തോട്ടത്തിലെ വിളവെടുപ്പ് ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു.സിന്ധു ഗണേശൻ, കെ.വി.തോമസ്, കെ.എ.നൗഷാദ്, പി.ആർ.ഉണ്ണികൃഷ്ണൻ, ജയിംസ് കോറമ്പേൽ, ഇ.വി.എബ്രാഹം, എം.കെ.സുരേഷ്, സി.ഐ.സതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിശപ്പുരഹിത ആശുപത്രിക്ക് തുണയാകും

കോതമംഗലം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാദിവസവും ഉച്ചക്കും രാത്രിയും ഭക്ഷണം നൽകുന്ന പദ്ധതിയാണ് വിശപ്പ് രഹിത ആശുപത്രി പദ്ധതി.

ഒരു നേരം നൂറ്റമ്പതോളംപേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആശുപത്രിയുടെ അടുക്കളയിൽ തന്നെയാണ് പാചകം. കോതമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടിലെ പച്ചക്കറിത്തോട്ടം വിശപ്പുരഹിത ആശുപത്രിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.

വിശപ്പുരഹിത ആശുപത്രി പദ്ധതി പത്ത് മാസമായി വിജയകരമായി നടപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മറ്റൊരു പദ്ധതി പ്രകാരം ദിവസവും പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മൂന്നുനേരവും ആശുപത്രിയിൽ നിന്നുതന്നെ ഭക്ഷണം നൽകാൻ കഴിയുന്നുണ്ട്. പച്ചക്കറി കൃഷി വിജയകരമായതോടെ കൂടുതൽ പോഷകസമ്പുഷ്ടമായ ഭക്ഷണം നൽകാനാകുമെന്നാണ് കരുതുന്നത്.

ഡോ.സാം പോൾ,

താലൂക്ക് ആശുപത്രി സൂപ്രണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, VEGITABLES, CULTIVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY