SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.15 PM IST

233 വർഷം ആൺകുട്ടികളുടെ കാൽപ്പാട് മാത്രം പതിഞ്ഞ സ്‌കൂൾ; ആദ്യത്തെ പെൺകുട്ടിയായി ശിവാനി

shivani
കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ പെൺകുട്ടി ശിവാനി സുഹൃത്തുക്കൾക്കൊപ്പം (ഫോട്ടോ രോഹിത്ത് തയ്യിൽ)

കോഴിക്കോട്: എല്ലാ വിദ്യാർത്ഥികളുടെയും പേരിന് നേരെ 'മെയിൽ' എന്ന് എഴുതി ശീലിച്ച സ്കൂളധികൃതർ ശിവാനിയുടെ പേരിനു നേരെ ആദ്യമായി 'ഫീമെയിൽ' എന്നെഴുതി. അപ്പോഴത് കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂൾ ചരിത്രത്തിന്റെ തിരുത്തിയെഴുത്തായി.

233 വർഷം ആൺകുട്ടികളുടെ കാൽപ്പാട് മാത്രം പതിഞ്ഞ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ ഈ അദ്ധ്യയന വർഷം തൊട്ട് മിക്സഡ് ആക്കിയതോടെയാണ് പ്ളസ് വൺ കമ്പ്യൂട്ടർ സയൻസിന് ചേരാൻ ശിവാനി എത്തിയത്. ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ബയോ സയൻസ് സ്ട്രീമുകളിലായി ഇപ്പോൾ 55 പെൺകുട്ടികൾ. 2,345 ആൺകുട്ടികൾക്കിടയിലെ താരങ്ങളാണ് ഇപ്പോഴിവർ! സ്കൂളിന്റെ പേരിലുള്ള 'ബോയ്സ്' വരും വർഷങ്ങളിൽ മാറ്റും.

കോഴിക്കോട് പയ്യാനക്കൽ കെടങ്ങത്ത് രജീന്ദ്രന്റെയും പ്രിൻസിയുടെയും മൂന്നാമത്തെ മകളായ ശിവാനി കോഴിക്കോട് ആംഗ്ളോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ നിന്നാണ് ഫുൾ എ പ്ലസോടെ പത്താംക്ളാസ് ജയിച്ചത്. മറ്റ് സ്കൂളുകളിലും അപേക്ഷിച്ചിരുന്നു. സെന്റ് ജോസഫ്സ് ബോയ്സിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുവെന്നറിഞ്ഞപ്പോൾ അപേക്ഷിച്ചു. പിന്നാലെ പ്രവേശനം നേടുന്ന ആദ്യ പെൺകുട്ടിയായി ശിവാനി മാറി. പ്രവേശന ദിവസം ശിവാനിക്ക് പ്രിൻസിപ്പൽ ഫാ.സൂരജ് ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി.

രണ്ട് പതിറ്റാണ്ടോളമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനെ പറ്റി മാനേജ്മെന്റ് ആലോചിക്കുകയായിരുന്നു. രണ്ടുകൊല്ലമായി സജീവമായി ചർച്ച ചെയ്തു. കഴിഞ്ഞ വർഷം തീരുമാനിച്ചു. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നാണ് കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ്. കേരള ഗാന്ധി കെ. കേളപ്പൻ കുറച്ചുകാലം ഇവിടത്തെ ഫിസിക്സ് അദ്ധ്യാപകനായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായ പലരും ഇവിടെ പഠിച്ചിറങ്ങിയവർ. ഈശോസഭയുടെ (ജസ്യൂട്ട്) മേൽനോട്ടത്തിലുള്ള സ്കൂൾ 1793ൽ പോർച്ചുഗീസ് മിഷണറിമാരാണ് സ്ഥാപിച്ചത്. 1870ൽ ഈശോസഭ ഏറ്റെടുത്തു.

സ്കൂളിലെത്തിയപ്പോഴാണ് പ്രവേശനം നേടുന്ന ആദ്യ പെൺകുട്ടിയാണെന്നറിഞ്ഞത്. ശരിക്കും ത്രില്ലടിച്ചു. ബോയ്സ് അടക്കം സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് ശിവാനി പറയുന്നു.

ഈശോസഭയുടെ ഉയർന്ന മൂല്യബോധം പെൺകുട്ടികൾക്കും ലഭിക്കണം. അടുത്ത വർഷം അഞ്ചാം ക്ളാസ് മുതലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൂരജ് ഡൊമിനിക് പറഞ്ഞു.

English Summary

St. Joseph's Boys School, Kozhikode, established in 1793, admitted its first female student, Shivani, this academic year. After 233 years as an all-boys institution, the school became mixed-gender. Currently, 55 girls are enrolled across various streams in Plus One. The "Boys" suffix will be removed from the school's name, and girls will be admitted from fifth grade next year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ST JOSEPHS BOYS SCHOOL KOZHIKODE, SHIVANI FIRST GIRL ADMISSION, KOZHIKODE SCHOOL HISTORY, SAINT JOSEPHS SCHOOL MIXED EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY