ന്യൂഡൽഹി: തന്റെ വെള്ളരികൃഷിക്ക് കേന്ദ്ര സഹമന്ത്രി സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് കൈപ്പറ്റിയത് ഒരുകോടിയോളം രൂപ. കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിയാണ് സർക്കാരിന്റെ കോടികൾ സബ്സിഡിയുടെ പേരിൽ സ്വന്തം പോക്കറ്റിലാക്കിയത്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. 99.6 ലക്ഷം രൂപയാണ് മന്ത്രി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വാർത്ത പുറത്തുവന്നതോടെ വൻ വിവാദമാവുകയും ചെയ്തു.
രാജസ്ഥാനിലെ തന്റെ ഫാംഹൗസിൽ വെള്ളരികൃഷിചെയ്യുന്നതിനാണ് നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ നിന്ന് മന്ത്രി സബ്സിഡി നേടിയത്. വൻ വിസ്തീർണത്തിൽ നാല് പോളിഹൗസുകൾ നിർമ്മിച്ചായിരുന്നു കൃഷി. രണ്ടുകോടിയോളം ചെലവുവരുന്ന പദ്ധതിക്കായി ഒരു സ്വകാര്യ ബാങ്കിൽ നിന്ന് മന്ത്രി ഒന്നരക്കോടിയോളം രൂപ വായ്പയും എടുത്തിരുന്നു. ഈ വായ്പയ്ക്കാണ് സബ്സിഡി നേടിയത്.
സബ്സിഡി അനുവദിച്ച നടപടിക്രമങ്ങളിൽ ഗുരുതര ചട്ടലംഘനങ്ങൾ നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. അപേക്ഷ സമർപ്പിക്കപ്പെട്ട ഉടൻതന്നെ പ്രാഥമിക അനുമതി നൽകി. ഉദ്യോഗസ്ഥരും വിദഗ്ദ്ധരും കൃഷിയിടം സന്ദർശിച്ചശേഷമാണ് സാധാരണഗതിയിൽ അനുമതി നൽകുന്നത്. എന്നാൽ മന്ത്രിയുടെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. കൂടാതെ പദ്ധതി പൂർത്തിയായി മൂന്നുമാസത്തിനുശേഷമേ സബ്സിഡി തുക അനുവദിക്കാവൂ എന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.ഭഗീരഥ് ചൗധരി പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച സ്വത്തുവിവര പട്ടികയിൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡ് അനുവദിച്ച 467 പദ്ധതികളിൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ സബ്സിഡി ലഭിച്ചത് മന്ത്രിയുൾപ്പെടെ അറുപതുപേർക്കാണ്. മന്ത്രിക്കുപുറമേ രാജസ്ഥാൻ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നരേഷ്‌പാൽ ഗഗ്വാറിനും കുടുംബത്തിനും സബ്സിഡി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവം വൻ വിവാദമായെങ്കിലും മന്ത്രിയോ അടുപ്പക്കാരോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |