SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 PM IST

മാറ്റം വരുത്തിയാൽ അപകടകരമാകും; റിസർവ് ബാങ്ക് ഒരിക്കലും ചെയ്യില്ല, കാത്തിരിപ്പിൽ സാമ്പത്തിക ലോകം

rbi

കൊച്ചി: ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാ, ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധവും ക്രൂഡോയിൽ വിലയിലെ കുതിപ്പും കണക്കിലെടുത്ത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികൾക്കാകും ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മൂന്ന് ദിവസത്തെ യോഗം മുൻഗണന നൽകുക. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ അവലോകന യോഗത്തിന് ശേഷം ഏപ്രിൽ എട്ടിനാണ് നയം പ്രഖ്യാപിക്കുന്നത്.

യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതാണ് റിസർവ് ബാങ്കിനെ അലട്ടുന്നത്. പാചകവാതകത്തിന് ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശക്തമായതിനാൽ പലിശയിൽ മാറ്റം വരുത്തുന്നത് അപകടകരമാകുമെന്നാണ് വിലയിരുത്തൽ.

ഹോർമുസ് ഇടനാഴി അടച്ചതോടെ ഇന്ധന സപ്ളൈ തടസം നേരിടുന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരങ്ക് 1.25 ശതമാനം കുറച്ചിരുന്നു.

വെല്ലുവിളികൾ

1. ക്രൂഡോയിൽ വിപണിയിലെ സമ്മർദ്ദം നാണയപ്പെരുപ്പ ഭീഷണി ഉയർത്തുന്നു

2. രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയിൽ ഇറക്കുമതി ചെലവ് കൂടുന്നു

3. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ ശക്തമായ പിന്മാറ്റം

4. ഇന്ധന സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന പശ്ചിമേഷ്യയിലെ യുദ്ധം


നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഊന്നൽ

ഇറാൻ യുദ്ധം കണക്കിലെടുത്ത് നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിലനിറുത്താനാണ് റിസർവ് ബാങ്കിന്റെ പ്രധാന ഊന്നൽ. ഇന്ധന പ്രതിസന്ധി രൂക്ഷമായതിനാൽ മാർച്ചിൽ നാണയപ്പെരുപ്പം അഞ്ച് ശതമാനം വരെ ഉയരാനിടയുണ്ട്. പാചക വാതകം, ഏവിയേഷൻ ടർബൻ ഫ്യൂവൽ, കമ്പോള ഉത്പന്നങ്ങൾ എന്നിവയുടെ വില വർദ്ധന നാണയപ്പെരുപ്പ കണക്കുകളിൽ പ്രതിഫലിക്കും. എണ്ണ വില ബാരലിന് 10 ഡോളർ ഉയരുമ്പോൾ നാണയപ്പെരുപ്പത്തിൽ 0.6 ശതമാനം വർദ്ധനയുണ്ടാകും. ഒരു മാസത്തിനിടെ എണ്ണ വിലയിൽ 40 ഡോളറിന്റെ വർദ്ധനയാണുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, INDIA, KERALA, RBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY