
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എ.യു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 37 ശതമാനം ഉയർന്ന് 796 കോടി രൂപയായി. അറ്റ പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ചയോടെ 2,695 കോടി രൂപയിലെത്തി. അറ്റ പലിശ ലാഭം 5.9 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തന ലാഭം മുൻവർഷത്തെക്കാൾ 9 ശതമാനം ഉയർന്ന് 1,435 കോടി രൂപയായി. ട്രഷറി വരുമാനം കൂടാതെയുള്ള പ്രവർത്തന ലാഭം 41 ശതമാനം വർദ്ധിച്ച് 1,426 കോടി രൂപയായി. ബാങ്കിന്റെ വാർഷിക ആസ്തി ലാഭനിരക്ക് 1.7 ശതമാനത്തിലും ഓഹരി മൂലധന ലാഭനിരക്ക് 15.6 ശതമാനത്തിലും എത്തി. ബാങ്കിന്റെ പ്രവർത്തന ചെലവുകൾ 26 ശതമാനം വർദ്ധിച്ച് 1,949 കോടി രൂപയായി. ഇതര വരുമാനം 33 ശതമാനം വളർച്ചയോടെ 680 കോടി രൂപ രേഖപ്പെടുത്തി. ആകെ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനവും മുൻപാദത്തെ അപേക്ഷിച്ച് 3 ശതമാനവും വർദ്ധിച്ച് 1,57,727 കോടി രൂപയായി. കാസ നിക്ഷേപങ്ങൾ വാർഷിക അടിസ്ഥാനത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ബാങ്കിന്റെ കാസ അനുപാതം 29 ശതമാനമാണ്. ആകെ വായ്പകൾ മുൻവർഷത്തെക്കാൾ 23 ശതമാനം വളർച്ചയോടെ 1,44,250 കോടി രൂപയായി. വായ്പാ വിതരണത്തിൽ മാത്രം 42 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടായി. ഈടിന്മേലുള്ള വായ്പാ വിഭാഗം 25 ശതമാനവും, ഈടില്ലാത്ത വായ്പാ വിഭാഗം 11 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.10 ശതമാനവും അറ്റ കിട്ടാക്കടം 0.76 ശതമാനവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |