SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.43 PM IST

ചുംബിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, രോഗം പകരുന്നത് ഉമിനീരിലൂടെ

lips

ലോകത്ത് പല ഭാഗങ്ങളിലും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്. ചിലയിടത്ത് കവിളുകളിൽ മൂന്നു പ്രാവശ്യം മാറിമാറി ഉമ്മ വയ്ക്കുന്ന ത് സ്വാഗതം ചെയ്യുന്നതിന്റെയോ വിട പറയുന്നതിന്റെയോ ഭാഗമായാണ് കാണപ്പെടുന്നത്. കുഞ്ഞുങ്ങൾക്ക് ചുംബനം നൽകുന്നത് ലോകത്തെവിടെയും കണ്ടുവരുന്നതാണ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കും ചുംബനം നൽകുന്നു. ഇത് സ്നേഹത്തിന്റെ പാരിതോഷികമായാണ് വിലയിരുത്തുന്നത്. വിവാഹവേളകളിൽ വധുവരൻമാർ പരസ്പരം ചുംബിക്കുന്നതും പതിവാണ്.

സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ചുംബനം പ്രയോജനം ചെയ്യുന്നു. എന്നാൽ ഈ ചുംബനം അപകടകാരിയായാലോ. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചുംബന രോഗം അഥവാ ഇൻഫെക്ഷ്യസ് മോണോ ന്യൂക്ലിയോസിസ് ആണിത്. എപ്‌സ്റ്റിൻബാർ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചുംബിക്കുമ്പോൾ ഉമിനീരിലൂടെയാണ് ഈ വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാൽ കിസിംഗ് ഡിസീസ് എന്നും ഇതിനെ അറിയപ്പെടുന്നു. സാധാരണ പനിയും ജലദോഷവും സന്ധിവേദനയും തൊണ്ടവേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തിയാൽ രോഗ ലക്ഷണം ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷമേ കണ്ടുതുടങ്ങൂ. പക്ഷേ കൃത്യമായ ചികിത്സ ന ൽകിയാൽ രോഗം ഭേദമാക്കാനാകും.

അതേസമയം യു.എസിലെ മയോ ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ചുംബന രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചുംബന രോഗം ഉണ്ടായവരിൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് (എം.എസ്)​ ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നിരിട്ടയിലധികമാണെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറും നട്ടെല്ലുമടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുന്ന രോഗമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീകോശങ്ങളുടെ തന്നെ ആവരണത്തെ ആക്രമിക്കുന്ന ഈ രോഗാവസ്ഥ തലച്ചോറും ശരീരത്തിന്റെ മറ്റുഭാഗങ്ങളും തമ്മിലുള്ള വിനിമയത്തെ പ്രതികൂലമായി ബാധിക്കുന്നു.. മോണോ ന്യൂക്സിയോസിസ് ബാധിച്ചവരിൽ .17 ശതമാനം പേർക്ക് എം.എസ് ബാധിച്ചതായും അണുബാധയില്ലാത്തവരിൽ ഈ നിരക്ക് .07 ശതമാനം ആണെന്നുമാണ് കണക്കുകൾ.

അതേസമയം ചുംബനരോഗം കൊണ്ടുമാത്രം എം,​എസ് വരില്ലെന്ന് ഡോക്ടർമാർ പറയുന്നു. ജനിതക,​ പാരിസ്ഥിതിക സാഹചര്യങ്ങൾ,​ രോഗപ്രതിരോധ ശേഷി എന്നിവയും രോഗം ബാധിക്കുന്നതിനെ സ്വാധീനിക്കുന്നു. അതിനാൽ ജനിതകമായി രോഗത്തിന് സാദ്ധ്യതയുള്ളവരിൽ മാത്രമേ എപ്‌സ്റ്റീൻബാർ വൈറസ് മൾട്ടിപ്പിൾ സ്ക്ലീറോസിസിനുള്ള പ്രേരക ശക്തിയായി മാറൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, KISSING DISEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY