
സംസ്ഥാനത്ത് മഴക്കാലം എത്തിയിരിക്കുകയാണ്. മതിയായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ എല്ലാ മഴക്കാലത്തും സാംക്രമിക രോഗങ്ങള്‍ പടരാറുണ്ട്. സാധാരണ കണ്ടുവരുന്ന ചില മഴക്കാലരോഗങ്ങളെക്കുറിച്ച് അറിയാം.
ജലദോഷപ്പനികള്‍
'കോമണ്‍ കോള്‍ഡ്' എന്നറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സ മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. തൊണ്ട, മൂക്ക് ഇവയ്ക്കുള്ളിലെ നേര്‍ത്ത സ്‌തരത്തില്‍ വൈറസ് ബാധയുണ്ടാക്കി തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയാണ് ഇത് പ്രത്യക്ഷപ്പെടുക. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായുവില്‍ക്കൂടി രോഗം പകരും. നാലഞ്ചുദിവസത്തിനകം തനിയെ ഭേദമാകുകയും ചെയ്യും. വ്യക്തിശുചിത്വം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്‌താല്‍ ഇത് പകരുന്നത് ഒരുപരിധിവരെ തടയാം.
ജലജന്യരോഗങ്ങള്‍
കോളറ, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എ, വൈറല്‍ വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കാണപ്പെടും. ഇവ മലിനജലത്തില്‍ കൂടി പകരുന്നതാണ് കാരണം. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് എല്ലാത്തരം വയറിളക്കരോഗങ്ങളിലും ഉണ്ടാകുന്നത്. അതോടൊപ്പം മഞ്ഞനിറമുണ്ടെങ്കില്‍ ടൈഫോയ്‌ഡോ ഹെപ്പറ്റൈറ്റിസ് എ യോ ആകാന്‍ സാദ്ധ്യതയുണ്ട്.
ഇത്തരം രോഗങ്ങളുടെ ഭാഗമായി നിര്‍ജ്ജലീകരണം ഉണ്ടാകാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖം ചില ശരീരാവയവങ്ങളെയും ബാധിച്ചേക്കാം. ടൈഫോയ്‌ഡ്, കോളറ തുടങ്ങിയ ബാക്‌ടീരിയല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകളും അതോടൊപ്പം തന്നെ നിര്‍ജ്ജലീകരണം തടയാനുള്ള മാര്‍ഗങ്ങളും ചികിത്സയായി നല്‍കും. ഹെപ്പറ്റൈറ്റിസ്, വൈറല്‍ വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്ക് രോഗലക്ഷണങ്ങള്‍ക്കായുള്ള ചികിത്സ മതിയാകും. വളരെ അപൂര്‍വമായി മാത്രം ഹെപ്പറ്റൈറ്റിസ് എ മാരക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ശുദ്ധമായ ജലസ്രോതസ് ഉപയോഗിക്കുകയും പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുകയും ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഇവശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം വയറിളക്കരോഗങ്ങള്‍ തടയാം. ടൈഫോയ്‌ഡിനും ഹെപ്പറ്റൈറ്റിസ് എ യ്ക്കും വാക്‌സിനുകളും ലഭ്യമാണ്.
കൊതുകുജന്യ രോഗങ്ങള്‍
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയവ പരത്തുന്ന കൊതുകുകള്‍ മഴക്കാലം കഴിഞ്ഞുള്ള സമയത്ത് പ്രജനനം നടത്തും. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പ്രജനനം ചെയ്യുന്നത്. പനി, തലവേദന, ശരീരവേദന, സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്ലറ്റും വെളുത്ത രക്താണുക്കളും കുറയുന്നതിനാല്‍ രക്തസ്രാവമുണ്ടാകുക തുടങ്ങിയ മാരക പ്രത്യാഘാതങ്ങള്‍ക്കുവരെ കാരണമായേക്കാവുന്നതാണ് ഡെങ്കിയും മലേറിയയും പോലുള്ള രോഗങ്ങള്‍.
പലശരീര അവയവവ്യവസ്ഥകളെയും ബാധിക്കുകയും ചെയ്തേക്കാം. എങ്കിലും നേരത്തെ രോഗലക്ഷണങ്ങള്‍ കണ്ട് ചികിത്സ തേടിയാല്‍ വേഗം സുഖപ്പെടുത്താവുന്ന അസുഖങ്ങളാണിവ. കൊതുകുജന്യരോഗങ്ങളായതിനാല്‍ കൊതുകിന്റെ പ്രജനനം കുറയ്ക്കുക മാത്രമാണ് ഇവ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ഏകവഴി. അതിന് വീടിനുചുറ്റും ചിരട്ട, പൂച്ചട്ടികള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക, ഓടകളും മറ്റു മലിനജലസ്രോതസുകളും വൃത്തിയാക്കുക തുടങ്ങിയവ മുന്‍കൂട്ടി ചെയ്യണം. വ്യക്തിഗത മാര്‍ഗങ്ങളായ കൊതുകുവല, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള മരുന്നുകള്‍ തുടങ്ങിയവയും അവലംബിക്കാം.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലരോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കാം
1. ശുദ്ധജലം മാത്രം ഉപയോഗിക്കുക.
2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക. രോഗമുള്ളയാളുമായി അധികം അടുത്തിടപഴകാതിരിക്കുക.
3. ഉണങ്ങിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക, നനഞ്ഞ തുണികള്‍ പൂപ്പല്‍ ബാധയ്ക്ക് കാരണമാകും.
4. കൊതുകിന്റെ പ്രജനനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. വ്യക്തിഗത രക്ഷാമാര്‍ഗങ്ങളും അവലംബിക്കുക.
5. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, പുറത്തുനിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണം ഒഴിവാക്കുക.
Dr. Hemalatha P.
Consultant General Medicine
SUT Hospital, Pattom
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |