SignIn
Kerala Kaumudi Online
Saturday, 06 June 2026 3.43 PM IST

മറ്റുള്ളവർ കോട്ടുവായ ഇടുമ്പോൾ നിങ്ങൾക്കും വരാറുണ്ടോ? കാരണമിതാണ്!

yawning

ക്ഷീണം, ഉറക്കക്കുറവ്, വിരസത, എന്നിവ ഉണ്ടാകുമ്പോഴാണ് സാധാരണയായി നമ്മൾ കോട്ടുവായ ഇടുന്നത്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാനും ശരീരത്തിൽ കൂടുതൽ ഓക്സിജൻ എത്തിക്കാനും ഇത് സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണയായി ഒരു വ്യക്തി ദിവസവും അഞ്ച് മുതൽ 19 തവണ വരെ കോട്ടുവായ ഇടാറുണ്ട്.

നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രവർത്തനമാണ് കോട്ടുവായ. ശരീരത്തിന് കൂടുതൽ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ട അവസരങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുമായി കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. അമിതമായി ഓക്സിജൻ ഉള്ളിലേക്ക് എടുക്കുന്നതിലൂടെ ശരീരം ഉണർന്നിരിക്കാൻ ശ്രമം നടത്തും. അതിനാൽ ഇടയ്ക്കൊക്കെ കോട്ടുവായ ഇടുന്നത് തികച്ചും സാധാരണമാണ്. മാനസികമായി തളർച്ചയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ ശരീരം നൽകുന്ന സ്വാഭാവിക പ്രതികരണമാണിത്.

അതേസമയം അമിതമായ കോട്ടുവായ ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയുമാകാം. 15 മിനിട്ടിനുള്ളിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുന്നത് ആരോഗ്യാവസ്ഥകളുമായി ബന്ധപ്പെട്ടുരിക്കാമെന്നാണ് കണ്ടെത്തൽ. സ്ലീപ് അപ്നിയ, ഇൻസോമ്നിയ പോലുള്ള ചില രോഗങ്ങളുടെ ഫലമായി ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതമായ കോട്ടുവായയിലേക്ക് നയിക്കാം. ചില മരുന്നുകളും അമിതമായ കോട്ടുവായയ്ക്ക് കാരണമാകാറുണ്ട്. പാർക്കിൻസൺസ് രോഗം,​ മൾട്ടിപ്പിൾ സ്ക്ളീറോസിസ്,​ മൈഗ്രേൻ തുടങ്ങിയ രോഗങ്ങളുടെ സൂചനയായും കോട്ടുവായ ഉണ്ടാകാറുണ്ട്.

എന്നാൽ കോട്ടുവായ പകരുമോ എന്നാണ് ഒട്ടുമിക്ക ആൾക്കാർക്കും അറിയേണ്ടത്. കോട്ടുവായ പകരുന്നതിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും ഇതിന് കാരണം മനുഷ്യന്റെ തലച്ചോറിലുള്ള പ്രത്യേക കോശങ്ങളാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിറർ ന്യൂറോണുകൾ എന്നറിയപ്പെടുന്ന കോശങ്ങളാണ് ഈ കോപ്പിയടിക്ക് പിറകിൽ പ്രവർത്തിക്കുന്നത്. മറ്റൊരാൾ കോട്ടുവായ ഇടുന്നത് കാണുമ്പോഴോ കേൾക്കുമ്പോഴോ ഈ കോശങ്ങൾ സജീവമാവുകയും ആ പ്രവൃത്തിയെ നമ്മുടെ തലച്ചോറ് അനുകരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതാണ് കോട്ടുവായ 'പകരുന്നതിന്' കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, YAWNING, HEALTH CONDITIONS, REASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY